മാലിന്യമുക്ത നവകേരളം കാന്പയിന് ഇന്നു തുടക്കം
1458359
Wednesday, October 2, 2024 6:54 AM IST
ഇടുക്കി: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഇന്ന് തുടക്കമാകും. രാവിലെ 9.30ന് ഇടുക്കി മെഡിക്കൽ കോളജിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിച്ച് 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ സന്പൂർണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാൻ കഴിയും വിധമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീൻ കേരള കന്പനി തുടങ്ങിയവ കാന്പയിന്റെ ഏകോപനം നിർവഹിക്കും.
ഡീൻ കുര്യാക്കോസ് എംപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ജില്ലാകളക്ടർ വി. വിഗ്നേശ്വരി, പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഹരിതകേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.