കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1457916
Tuesday, October 1, 2024 4:05 AM IST
കരിമണ്ണൂർ: കാളിയാർ പുഴയോരത്തുനിന്നു കാണാതായ യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കാളിയാർ കാക്കല്ലിൽ സുധാകരന്റെ മകൻ അനൂപി(34)ന്റ മൃതദേഹമാണ് കാളിയാർ പുഴയിൽനിന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് അനൂപിനെ കാണാതായത്.
വിവരമറിഞ്ഞ് തൊടുപുഴ അഗ്നിരക്ഷാസേനയും കാളിയാർ പോലീസും സ്ഥലത്തെത്തി.വൈകുന്നേരം 4.30ഓടെ കാളിയാർ പാലത്തിന് താഴെ കുളിച്ചുകൊണ്ടുനിന്നവരാണ് മൃതദേഹം വെള്ളത്തിൽ ഒഴുകിവരുന്നത് കണ്ടത്. അഗ്നി രക്ഷാസേനയും പോലീസും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ച് തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കാളിയാർ സിഐ എച്ച്.എൽ. ഹണി, എസ്ഐ സാബു കെ. പീറ്റർ, അഗ്നിരക്ഷാ സേന സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു സെബാസ്റ്റ്യൻ, ഗ്രേഡ് എഎസ്ടിഒ ജാഫർഖാൻ, സീനിയർ എഫ്ആർഒ അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. മാതാവ് രാജമ്മയോടൊപ്പം കാളിയാർ പാലത്തിനു സമീപം വാടക വീട്ടിൽ താമസിക്കുകയായിരുന്നു അനൂപ്.