വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളും ബൈബിൾ കണ്‍വൻഷനും
1457907
Tuesday, October 1, 2024 12:48 AM IST
കട്ടപ്പന: ഇരുപതേക്കർ പോർസ്യുങ്കുല ആശ്രമ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളും ബൈബിൾ കണ്‍വൻഷനും ഇന്ന് മുതൽ നാലു വരെ നടക്കുമെന്ന് സുപ്പീരിയർ ഫാ. സേവ്യർ കൊച്ചുറുന്പിൽ അറിയിച്ചു. ദിവസവും വൈകുന്നേരം 4.30 മുതൽ രാത്രി 8.30 വരെ തൃശൂർ കാർമൽ മിനിസ്റ്ററി ഡയറക്ടർ ഫാ. പോൾ പുളിക്കൻ നേതൃത്വം നൽകുന്ന ടീം ബൈബിൾ കണ്വൻഷൻ നടത്തും.
ഫാ. ഷൈജു പേരുന്പെട്ടിക്കുന്നേൽ എംസിബിഎസ്, ബ്രദർ സോണി ദേവസി തുടങ്ങിയവർ ബൈബിൾ പ്രഭാഷണം നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് തോവരയാർ ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. ജോസഫ് കോയിക്കലും നാളെ ഉച്ചഴിഞ്ഞ് 4.30ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന വികാരി ഫാ. തോമസ് മണിയാട്ടും വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4.30 ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിയും വിശുദ്ധ കുർബാന അർപ്പിക്കും.
തിരുനാൾ സമാപന ദിനമായ നാലിനു വൈകുന്നേരം 4. 30ന് കപ്പുച്ചിൻ സഭ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഫാ. ജോർജ് ആന്റണി ആശാരിശേരിയിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.
കണ്വൻഷൻ ദിവസങ്ങളിൽ വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന, കുന്പസാരം, സ്പിരിച്വൽ ഷെയറിംഗ്, രോഗികൾക്കുള്ള സൗഖ്യ ശുശ്രുഷ എന്നിവയും ഉണ്ടായിരിക്കുമെന്ന് ആശ്രമം സുപ്പീരിയർ അറിയിച്ചു. തിരുനാളിന്റെയും ബൈബിൾ കണ്‍വൻഷന്റെയും നടത്തിപ്പിനായി വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
പത്ര സമ്മേളനത്തിൽ തിരുനാൾ കമ്മിറ്റി ഭാരവാഹികളായ ജോസഫ് മണിക്കൊന്പിൽ, ജയ്മോൻ കറുകപ്പള്ളിൽ, ജോസ് പൂനാട്ട് തുടങ്ങിയവരും പങ്കെടുത്തു.