മിഷൻ ലീഗ് രൂപത കലോത്സവം: ഇരട്ടയാർ, രാജാക്കാട്, തങ്കമണി മേഖലകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
1454187
Wednesday, September 18, 2024 11:36 PM IST
കരിമ്പൻ: ചെറുപുഷ്പ മിഷൻ ലീഗ് ഇടുക്കി രൂപത കലോത്സവം ‘അരങ്ങ് 2k24' മുരുക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 10 വേദികളിലായി 500 ഓളം പ്രതിഭകൾ മാറ്റുരച്ച കലോത്സവത്തിന്റെ ഉദ്ഘാടനം മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് നരിതൂക്കിൽ നിർവഹിച്ചു. മിഷൻ ചൈതന്യം നിറഞ്ഞുനിന്ന കലോത്സവത്തിൽ ഇരട്ടയാർ മേഖല ഒന്നാം സ്ഥാനവും രാജാക്കാട് മേഖല രണ്ടാം സ്ഥാനവും തങ്കമണി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച ശാഖകളായി കാറ്റഗറി എ വിഭാഗത്തിൽ മുട്ടുകാട് ശാഖ ഒന്നാം സ്ഥാനവും ആനക്കുളം ശാഖ രണ്ടാം സ്ഥാനവും ആനച്ചാൽ ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാറ്റഗറി ബി വിഭാഗത്തിൽ അടിമാലി ശാഖ ഒന്നാം സ്ഥാനവും ജോർജിയാർ ശാഖ രണ്ടാം സ്ഥാനവും എല്ലക്കൽ ശാഖ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി സി വിഭാഗത്തിൽ വെള്ളയാംകുടി ശാഖ ഒന്നാം സ്ഥാനവും മുരിക്കാശേരി ശാഖ രണ്ടാം സ്ഥാനവും ഇരട്ടയാർ ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ ഇടുക്കി രൂപത വികാരി ജനറൽ മോൺ. ജോസ് പ്ലാച്ചിക്കൽ മുഖ്യ അതിഥി ആയിരുന്നു. ഇടുക്കി രൂപത മുഖ്യ വികാരി ജനറൽ മോൺ. ജോസ് കരിവേലിക്കൽ, കെസിവൈഎം രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, രൂപത പ്രസിഡന്റ് സെസിൽ ജോസ്, രൂപത അസി. ഡയറക്ടർ ഫാ. അമൽ താണോലിൽ, സിസ്റ്റർ സ്റ്റാർലെറ്റ് സിഎംസി, ജെയിംസ് തോമസ്, ആൻമരിയ ജോർജ്, അയോണ ജോഷി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.