മന്ത്രി ശശീന്ദ്രൻ രാജിവയ്ക്കണം: ആദിവാസി ഏകോപന സമിതി
1575344
Sunday, July 13, 2025 7:11 AM IST
തൊടുപുഴ: പീരുമേട് പ്ലാക്കത്തടം ഊരിലെ സീതയുടെ മരണത്തിലെ ദുരൂഹത നീക്കാത്തതിൽ വനംവകുപ്പിന്റെ രഹസ്യ അജണ്ടയുണ്ടോയെന്നുള്ള സംശയം ബലപ്പെടുന്നതായി ആദിവാസി ഏകോപന സമിതി സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ അഭിപ്രായം പറഞ്ഞ മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണം. കോട്ടയം ഡിഎഫ്ഒയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണം. സംഭവം നടന്ന് ഒരു മാസം പിന്നിടുന്പോഴും സീതയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
സംഭവം കൊലപാതകമാണോയെന്ന് അഭിപ്രായ പ്രകടനം നടത്തിയ, പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്കെതിരേയും നടപടി വേണം. സംഭവത്തിനു ദൃക്സാക്ഷികളായിരുന്ന മക്കൾക്ക് തെറ്റായ വാർത്ത പ്രചരിച്ചതിനെത്തുടർന്നു സ്കൂളിൽപോലും പോകാനാകാത്ത സാഹചര്യമാണ്. കുട്ടികൾക്ക് കൗണ്സലിംഗ് നൽകാനും അധികൃതർ തയാറായിട്ടില്ല. ആനയുടെ ആക്രമണമാണോ കൊലപാതകമാണോ എന്ന് ഇതുവരെ വ്യക്തത വരുത്താൻ കഴിയാത്തതിനു പിന്നിൽ വനംവകുപ്പിന്റെ രഹസ്യ അജണ്ടയുണ്ട്.
നിലന്പൂർ തെരഞ്ഞെടുപ്പ് കാലയളവിലാണ് സംഭവമുണ്ടാകുന്നത്. ഇതേത്തുടർന്നു കാട്ടാനയാക്രമണം പ്രചാരണത്തിൽ ഉയർത്താനുള്ള സാധ്യത മുന്നിൽക്കണ്ട് ഗൂഢാലോചന നടത്തിയെന്നാണ് സംശയം. ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ സംഭവസ്ഥലം സന്ദർശിക്കാൻ തയാറാകാതെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും വരുന്നതിനു മുന്പേ ഇതൊരു കൊലപാതകമാണെന്നു പ്രഖ്യാപിച്ചതും ന്യായീകരിക്കാനാവില്ല.
വന്യമൃഗ ആക്രമണം നേരിടുന്നതിനു ഗോത്രവർഗക്കാരെ ഉൾപ്പെടുത്തി ഗോത്രവർഗ പാരന്പര്യരീതികൾ അടിയന്തരമായി സ്വീകരിക്കണം. ഗോത്രവർഗ ആചാരത്തിന്റെ ഭാഗമായുള്ള കാട്ടുമൃഗ നായാട്ട് നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. മോഹനൻ, ട്രഷറർ എം.ഐ. ശശീന്ദ്രൻ, ഒ.എസ്. ശ്രീജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.