പാലത്തിന്റെ കൈവരികൾ തകർന്ന് അപകടഭീഷണി
1575356
Sunday, July 13, 2025 7:12 AM IST
മറയൂർ: നോർത്തേണ്‍ ഔട്ട്ലെറ്റ് റോഡിലെ പാലത്തിന്റെ കൈവരികൾ തകർന്നു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. അന്തർസംസ്ഥാന പാതയായ നോർത്തേണ്‍ ഔട്ട്ലെറ്റ് റോഡിൽ മറയൂർ ടൗണ്‍ പരിസരത്താണ് അപകടസാധ്യത നിലനിൽക്കുന്നത്. അന്തർസംസ്ഥാന പാതയിൽ തിരക്കേറിയതോടെ അപകടത്തിന്റെ സാധ്യത വർധിച്ചിരിക്കുകയാണ്.
വീതി കുറഞ്ഞ പാലത്തിലൂടെ നടക്കുന്നവർ വാഹനം വരുന്പോൾ കൈവരി ഇല്ലാത്തതിനാൽ തോട്ടിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. തകർന്ന കൈവരികൾമൂലം യാത്രക്കാർക്ക് പാലത്തിന്റെ വശങ്ങളിൽ പിടിക്കാനും കഴിയുന്നില്ല.
കുട്ടികളും വയോജനങ്ങളും ഭീതിയോടെയാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്. പാലത്തിന് കൈവരി സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.