ലോറിഡ്രൈവർക്കു മർദനം: അഞ്ചുപേർ റിമാൻഡിൽ
1575756
Monday, July 14, 2025 11:53 PM IST
ശാന്തൻപാറ: ലോറി ഡ്രൈവർക്കു മർദനമേറ്റ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. പെരിയകനാൽ തേയില ഫാക്ടറിയിൽ വിറകുമായി എത്തിയ ലോറി ഡ്രൈവർ അടിമാലി പ്രിയദർശനി കോളനി ചേന്നാട്ട് വീട്ടിൽ സുമേഷിനെ(25) മർദിച്ച കേസിലാണ് പെരിയകനാൽ എസ്റ്റേറ്റ് സെൻട്രൽ ഡിവിഷൻ മുരുകപാണ്ടി (40), മുകേഷ് കുമാർ (25), മണികണ്ഠൻ (കരിമണി -33), പാണ്ടീശ്വരൻ (31), ലോവർ ഡിവിഷൻ നന്ദകുമാർ (നന്ദ-25) എന്നിവരെ വിവിധ സ്ഥലങ്ങളിൽനിന്നായി ശാന്തൻപാറ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ലോഡ് ഇറക്കുന്നതിനായി ലോറി മാറ്റിയിടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെത്തുടർന്ന് യൂണിയൻ തൊഴിലാളികൾ ചേർന്നു ലോറി ഡ്രൈവറെ മർദിച്ച് അവശനാക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത ശാന്തൻപാറ പോലീസ്, സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശാന്തൻപാറ സിഐ എസ്. ശരലാൽ, ഗ്രേഡ് എസ്ഐ റെജി ജോസഫ്, സിവിൽ പോലീസ് ഓഫീസർമാരായ ആർ. രമേഷ്, വി. ജയകൃഷ്ണൻ, വിൻസന്റ്, ജിനോ ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.