ചിന്നാർ വന്യജീവി സങ്കേതത്തിൽ പുനർജീവനം കൃഷിക്ക് തുടക്കം
1575759
Monday, July 14, 2025 11:53 PM IST
മറയൂർ: മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലെ ചിന്നാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ട തായണ്ണൻകുടി, ഇരുട്ടളക്കുടി, പുതുക്കുടി, വെള്ളക്കൽക്കുടി, മാങ്ങാപ്പാറക്കുടി എന്നീ അഞ്ച് ഉന്നതികളിൽ ആനമുടി വന വികസന ഏജൻസിയുടെ ധനസഹായത്തോടെ പുനർജീവനം കൃഷി പദ്ധതിക്കു തുടക്കമായി. ഓരോ ഉന്നതിയിലും ഒരേക്കർ വീതം ഭൂമിയിൽ റാഗി, തിന, ചാമ, വരക്, ബീൻസ് തുടങ്ങിയ 33 ഇനം വിളകളാണ് ജൈവരീതിയിൽ കൃഷി ചെയ്യുന്നത്.
ജൂലൈയിൽ തുടങ്ങുന്ന കൃഷി ഒക്ടോബറിൽ വിളവെടുക്കും. ബീൻസ് കൃഷി ഡിസംബറിൽ ആരംഭിച്ച് ഫെബ്രുവരിയിൽ വിളവെടുക്കും. ആനമുടി വനവികസന ഏജൻസി, ഇഡിസി വഴി ഉന്നതി നിവാസികളുടെ ഭൂമി പാട്ടത്തിനെടുത്ത് അവർക്ക് തൊഴിൽ നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്പാദിപ്പിക്കുന്ന ധാന്യങ്ങൾ നിവാസികൾക്കു ഭക്ഷണത്തിനും വിത്തുശേഖരണത്തിനും സൗജന്യമായി നൽകും. റാഗി, മറ്റു ധാന്യങ്ങൾ എന്നിവ പൊടിച്ച് വനം വകുപ്പിന്റെ ഇക്കോ ഷോപ്പുകൾ വഴി വിൽപ്പനയ്ക്ക് എത്തിക്കും. റാഗി ഉപയോഗിച്ചുണ്ടാക്കുന്ന ലഡു ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്കു വിപണിയിൽ വൻ ഡിമാൻഡാണ്.
കഴിഞ്ഞ വന്യജീവി വാരാഘോഷത്തിൽ തിരുവനന്തപുരത്ത് നടന്ന വനം വകുപ്പിന്റെ പ്രദർശന-വിപണന മേളയിൽ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ സ്റ്റാളിലെ റാഗി ലഡുവും പൊടിയും വലിയ ശ്രദ്ധ നേടി. മറ്റു മേളകളിലും ഈ ഉത്പന്നങ്ങൾ ജനപ്രീതി ആകർഷിച്ചിട്ടുണ്ട്. ഈ പദ്ധതി ഉന്നതി നിവാസികൾക്ക് സാന്പത്തിക പുരോഗതിയും ഭക്ഷ്യലഭ്യതയും ഉറപ്പാക്കുന്നുവെന്ന് ഉൗരു മൂപ്പന്മാരായ കാന്തിരാജും സൂര്യനും പറഞ്ഞു.
റാഗിത്തൈ നടീൽ ഉദ്ഘാടനം ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ ജി. അജികുമാർ നിർവഹിച്ചു. കരിമുട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ബി. അശോകൻ, ഇഡിസി സെക്രട്ടറിമാരായ നിത്യ ധർമൻ, ഡിനോ ജോസഫ്, സോഷ്യൽ വർക്കർ മിനി കാശി, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഉന്നതി നിവാസികൾ എന്നിവർ പങ്കെടുത്തു.