അലഞ്ഞുതിരിഞ്ഞു നടക്കുന്ന കാലികൾ അപകടം സൃഷ്ടിക്കുന്നു
1575343
Sunday, July 13, 2025 7:11 AM IST
വണ്ടിപ്പെരിയാർ: അലഞ്ഞുതിരിഞ്ഞു നടന്ന പശുവിനെ ഇടിച്ച ലോറി നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിലും സമീപത്തെ കടയിലേക്കും ഇടിച്ചുകയറി. വൻ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം. പച്ചക്കറി ഇറക്കിയശേഷം തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വണ്ടിപ്പെരിയാർ 62-ാം മൈലിനുസമീപം അപകടത്തിൽപ്പെട്ടത്.
ശബ്ദംകേട്ട് ഉണർന്ന നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അപകടത്തിനിടെ പശു ലോറിയുടെ അടിയിൽപ്പെട്ടു. പോലീസ് എത്തിയാണ് പുറത്തെടുത്തത്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ പലപ്പോഴും അപകടത്തിനു കാരണമാകുന്നതായും ഇക്കാര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.