ത്രിവേണി മനോഹരം: സുരക്ഷ ഇല്ലാതെ ജീവൻ പൊലിയുന്നു
1575358
Sunday, July 13, 2025 7:12 AM IST
മൂലമറ്റം: ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങുന്നവരും മീൻപിടിക്കാനിറങ്ങുന്നവരും അപകടത്തിൽപ്പെടുന്നത് പതിവാകുന്പോഴും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അധികൃതർക്ക് നിസംഗത.
ഒഴുക്കിൽ അകപ്പെട്ട് ഒട്ടേറെപ്പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. വെള്ളിയാഴ്ച ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ നാച്ചാർ പുഴയോരത്ത് താമസിക്കുന്ന തുരുത്തേൽ രത്നാകരനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രണ്ടു ദിവസം നടത്തിയ തെരച്ചിലിനിടയിലും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസം 16ന് എകെജി സ്വദേശിയായ വിദ്യാർഥി ഇവിടെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. നടുപ്പറന്പിൽ അതുൽ ബൈജുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
മൂലമറ്റം വൈദ്യുതി നിലയത്തിൽനിന്ന് ഉത്പാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമൊഴുകുന്ന കനാലും നാച്ചാറും വലിയാറും ചേരുന്നത് ത്രിവേണി സംഗമത്തിലാണ്. വൈദ്യുതി നിലയത്തിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകളുടെ എണ്ണമനുസരിച്ച് കനാലിലെ ജലനിരപ്പിന്റെ ഒഴുക്ക് കൂടിയും കുറഞ്ഞുമിരിക്കും. അപ്രതീക്ഷിതമായുണ്ടാകുന്ന ജലപ്രവാഹവും അടിയൊഴുക്കും കനാലിലും ത്രിവേണി സംഗമത്തിനു സമീപവും ഇറങ്ങുന്നവരെ അപകടത്തിലാക്കും.
പരിസരവാസികളും പുറമേ നിന്നെത്തുന്നവരും ഉൾപ്പെടെ ഇവിടെ പതിവായി അപകടത്തിൽപ്പെടുന്നുണ്ട്.ത്രിവേണിയുടെയും ഇവിടെയുള്ള തൂക്കുപാലത്തിന്റെയും മനോഹാരിത ആസ്വദിക്കാനായി ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. ശക്തമായ അടിയൊഴുക്കും തണുപ്പും ഏറെ ആഴവും ഇവിടെ ജലാശയത്തിന്റെ പ്രത്യേകതയാണ്. എന്നാൽ ഒരിടത്തും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ല.
മൂലമറ്റം കനാലിൽ വീണുള്ള അപകടങ്ങൾ ഒഴിവാക്കാൻ പദ്ധതി തയാറാക്കുമെന്ന് കെഎസ്ഇബി നേരത്തേ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല. പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അപകടങ്ങൾ കൂടിയതോടെ അലാറം അടക്കം സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കെഎസ്ഇബിയെ സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ ആവശ്യമനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാൽ ജലനിരപ്പ് ഉയരുന്പോൾ മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രായോഗികമല്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.
പകരം കനാലിൽ കൂടുതൽ പ്രകാശസംവിധാനം ഒരുക്കുമെന്നും ഇതോടൊപ്പം കനാലിന്റെ ഇരുകരകളിലും വടം സ്ഥാപിക്കാനാവശ്യമായ പൈപ്പുകൾ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ഇതും പാഴ്വാക്കായി. വടം സ്ഥാപിച്ചാൽ ഒഴുക്കിൽപ്പെടുന്നവർക്ക് ഇതിൽപ്പിടിച്ച് കയറാമെന്നതായിരുന്നു കണക്കുകൂട്ടൽ.
ഒഴുക്കിൽപ്പെട്ട് മരണങ്ങൾ വർധിച്ചതോടെ അടിയന്തരമായി ഇവിടെ മുന്നറിയിപ്പു സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് ടൂറിസം കൗണ്സിൽ ഭാരവാഹികളായ സണ്ണി കൂട്ടുങ്കൽ, ജോസ് ഇടക്കര, സന്തോഷ് രാജേന്ദു എന്നിവർ ജില്ലാ കളക്ടർക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു.
ജലാശയത്തിൽ ജലനിരപ്പുയരുന്പോൾ മുന്നറിയിപ്പ് നൽകുന്ന സംവിധാനം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കനാലിൽ കുളിക്കാനിറങ്ങുന്നവരും മറ്റും അപകടത്തിൽപ്പെടാതിരിക്കാൻ ഇതു സഹായകമാകും. ഇതിനു പുറമേ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുന്നറിയിപ്പു ബോർഡുകൾ, സുരക്ഷാവേലി എന്നിവ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.