കുടുംബശ്രീ ‘ഞാനും പൂവും’പദ്ധതിക്ക് ജില്ലയിൽ തുടക്കം
1574953
Saturday, July 12, 2025 12:11 AM IST
ഇടുക്കി: ഓണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന നിറപ്പൊലിമ പരിപാടിയുടെ ഭാഗമായി ഞാനും പൂവും പദ്ധതിക്ക് ജില്ലയിലെ വാത്തിക്കുടി നവജ്യോതി ബഡ്സ് സ്കൂളിൽ തുടക്കമായി.
കുട്ടികളിൽ മാനസികോല്ലാസത്തിനു ഹോർട്ടികൾച്ചർ തെറാപ്പി ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതി നവജ്യോതി ബഡ്സ് സ്കൂളും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ബഡ്സ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ജെഎൽജി അംഗങ്ങളുടെ നേതൃത്വത്തിൽ നവജ്യോതി ബഡ്സ് സ്കൂളിലെ അഞ്ചു സെന്റ് പുരയിടത്തിൽ നാലുതരം പൂക്കൾ കൃഷി ചെയ്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
പൂക്കൾ നടുന്നതിലും പരിപാലിക്കുന്നതിലും വിളവെടുക്കുന്നതിലും കുട്ടികൾ സജീവമായി പങ്കാളികളാകും. ഇത് അവർക്ക് മാനസികോല്ലാസം നൽകുന്നതിനൊപ്പം ഒരുതരം തെറാപ്പിയായും പ്രവർത്തിക്കും. പൂക്കൾ വളരുന്നതും പൂവിടുന്നതും വിളവെടുക്കുന്നതും നേരിട്ടറിയാൻ കുട്ടികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.
ഓണത്തിന് പൂക്കളമിടാൻ ഈ പൂക്കൾതന്നെ ഉപയോഗിക്കാനും ഇവർക്ക് സാധിക്കും. ഓണത്തിന് പൂക്കളുടെ വിളവെടുപ്പ് നടത്തുകയാണ് ലക്ഷ്യം. പുതുസംരംഭം കുട്ടികൾക്ക് പ്രകൃതിയോട് കൂടുതൽ അടുക്കാനും പ്രായോഗികമായ അറിവ് നേടാനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.