എം.എന്‍. ജയചന്ദ്രന്റെ വീടിന്റെ ഗേറ്റ് പൂട്ടി യൂത്ത് കോണ്‍ഗ്രസ്
1575472
Sunday, July 13, 2025 11:42 PM IST
തൊടുപുഴ: ദേശീയപാതാ നിര്‍മാണത്തില്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവിനു പിന്നാലെ കോടതിയില്‍ ഹര്‍ജി നല്കിയ പരിസ്ഥിതി പ്രവര്ത്തകന് എം.എന്‍. ജയചന്ദ്രന്റെ വീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ, ദേവികുളം നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
വനംവകുപ്പുമായുള്ള എം.എന്‍. ജയചന്ദ്രന്റെ അവിശുദ്ധ കൂട്ടുകെട്ടാണ് ഹര്‍ജിക്ക് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന്റെ ഗേറ്റ് താഴിട്ടു പൂട്ടി. പോലീസ് എത്തിയാണ് ഗേറ്റ് തുറന്നു കൊടുത്തത്. മുന്‍ സംസ്ഥാന സെക്രട്ടറി എം.എ.അന്‍സാരി സമരം ഉദ്ഘാടനം ചെയ്തു.
തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് അധ്യക്ഷത വഹിച്ചു. ദേവികളും നിയോജകമണ്ഡലം പ്രസിഡന്റ് അനില്‍ കനകന്, ബിബിന്‍ അഗസ്റ്റിന്, ഷാനു ഷാഹുല്‍, ഫസല്‍ സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 25ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.