ലഹരിയെ ചെറുക്കാൻ പുതുതലമുറ മുന്നോട്ടുവരണം: മാർ നെല്ലിക്കുന്നേൽ
1575353
Sunday, July 13, 2025 7:12 AM IST
മുരിക്കാശേരി: ലഹരിവസ്തുക്കളുടെ വ്യാപനം നടക്കുന്ന കാലഘട്ടത്തിൽ അതിനെ അതിജീവിക്കാൻ പുതുതലമുറ മുന്നോട്ടുവരണമെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ. ദൈവവിശ്വാസത്തിന്റെയും സദ്പ്രവർത്തികളുടെയും ലഹരി ജീവിതത്തോടു ചേർത്തുപിടിക്കുന്നവരെയാണ് നാം മാതൃകയാക്കേണ്ടത്.
രൂപത വിശ്വാസ പരിശീലനത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗ്, തിരുബാലസഖ്യം എന്നീ സംഘടനകളുടെയും സംയുക്ത വാർഷികം മുരിക്കാശേരി പാവനാത്മ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ക്രൈസ്തവരെന്ന നിലയിൽ ക്രിസ്തീയ വിശ്വാസവും ധാർമികതയും ശീലിക്കുന്നവരും അതിനു സാക്ഷ്യം വഹിക്കുന്നവരുമായി നാം മാറണമെന്നും അദ്ദേഹം പറഞ്ഞു.
രൂപതാ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. ചെറുപുഷ്പ മിഷൻലീഗിന്റെ മാഗസിൻ പ്രകാശനം മോണ്‍. ഏബ്രഹാം പുറയാറ്റ് നിർവഹിച്ചു.
പ്രവർത്തന മാർഗരേഖ മോണ്‍. ജോസ് നരിതൂക്കിൽ പ്രകാശനം ചെയ്തു. വിശ്വാസ പരിശീലനത്തിൽ 25 വർഷം പൂർത്തീകരിച്ച മതാധ്യാപകരെ സമ്മേളനത്തിൽ ആദരിച്ചു. കഴിഞ്ഞ പ്രവർത്തനവർഷത്തിൽ മികവു പുലർത്തിയ സണ്‍ഡേ സ്കൂളുകൾക്കും സംഘടനാ യൂണിറ്റുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇടുക്കി രൂപത ക്രിസ്തുജ്യോതി വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, ഫാ. ജിതിൻ പാറയ്ക്കൽ, ഫാ. ജൂബിൻ കായംകാട്ടിൽ, ഫാ. സെബാസ്റ്റ്യൻ വടക്കേൽ, ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സെസിൽ ജോസ്, മാർട്ടിൻ മാത്യു, ജയിംസ് തോമസ്, സിസ്റ്റർ സ്റ്റാർലറ്റ് സിഎംസി തുടങ്ങിയവർ പ്രസംഗിച്ചു.