ദേശീയപാത: മുഖ്യമന്ത്രി ഇടപെടണമെന്ന് വ്യാപാരികൾ
1575355
Sunday, July 13, 2025 7:12 AM IST
ചെറുതോണി: കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ തടസപ്പെടാതെ മുന്നോട്ടുപോകാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന പരിസ്ഥിതി സെൽ സെക്രട്ടറിഎം.എൻ. ജയചന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെത്തുടർന്നാണ് ഹൈക്കോടതി നിർമാണം നിർത്തിവയ്പിച്ചത്.
1932-ലെ രാജഭരണകാലത്തെ ഉത്തരവിന്റെയും 1996-ലെ സംസ്ഥാന സർക്കാരിന്റെ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ കിരണ് സിജു നൽകിയ ഹർജി പ്രകാരം റോഡിന്റെ മധ്യഭാഗത്തുനിന്ന് 50 അടി വീതം ഇരുവശത്തേക്കും റോഡ് പുറന്പോക്കാണെന്നും അത് പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണെന്നും റോഡിലെ യാതൊരുവിധ നിർമാണ പ്രവർത്തനങ്ങളും വനംവകുപ്പ് തടസപ്പെടുത്തരുതെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെതിരേ എം.എൻ. ജയചന്ദ്രൻ റിവ്യൂ പെറ്റീഷൻ നൽകിയെങ്കിലും അതും തള്ളിയിരുന്നു.
റോഡ് നിർമാണത്തിനെതിരേ വനംവകുപ്പ് അപ്പീൽ പോകാതിരിക്കാൻ ജില്ലയിലെ എൽഡിഎഫ് നേതൃത്വവും വ്യാപാരി വ്യവസായി ഏകോപനസമിതിയും മുഖ്യമന്ത്രിയെയും വനം വകുപ്പ് മന്ത്രിയെയും റവന്യു വകുപ്പ് മന്ത്രിയെയും കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തുകയും സർക്കാർ നിലവിലുള്ള ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ പോകേണ്ടതില്ലെന്നായിരുന്നു തീരുമാനം.
എന്നാൽ എം.എൻ. ജയചന്ദ്രൻ വീണ്ടും ഹർജി നൽകുകയും ഹൈക്കോടതിയിൽ നേര്യമംഗലം മുതൽ വാളറവരെ വനമേഖലയാണെന്നു വനംവകുപ്പ് അഡീഷണൽ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കുകയുമായിരുന്നു. സർക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി തെറ്റായ സത്യവാങ്മൂലം വനംവകുപ്പ് സെക്രട്ടറി കൊടുത്തിട്ടുണ്ടെങ്കിൽ അത് തിരുത്തി നൽകുന്നതിന് അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.