രത്നാകരനായുള്ള തെരച്ചിൽ വിഫലം
1575347
Sunday, July 13, 2025 7:11 AM IST
മൂലമറ്റം: ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തുരുത്തേൽ രത്നാകരനു (65) വേണ്ടിയുള്ള രണ്ടാം ദിവസത്തെ തെരച്ചിലും വിഫലം. ഇന്നലെ തൊടുപുഴയിൽനിന്നുള്ള സ്കുബ ടീമും മൂലമറ്റം ഫയർഫോഴ്സും നാട്ടുകാരും പോലീസും രാവിലെ മുതൽ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പവർ ഹൗസിൽനിന്ന് വരുന്ന വെള്ളത്തിന്റെ അളവിൽ കുറവുണ്ടായിരുന്നെങ്കിലും രാവിലെ ശക്തമായ മഴ പെയ്തതിനാൽ നാച്ചാറിലും വലിയാറിലും ജലനിരപ്പുയർന്നത് തെരച്ചിലിനു തടസമായി.
കൽപ്പണിക്കാരനായ രത്നാകരൻ വെള്ളിയാഴ്ച വൈകുന്നേരം ചൂണ്ടയിട്ട് മീൻപിടിക്കാൻ പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. പവർഹൗസിലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ചതോടെ ത്രിവേണി സംഗമത്തിൽ ശക്തമായ ജലപ്രവാഹമായിരുന്നു ഉണ്ടായിരുന്നത്. വൈകുന്നേരം ആറോടെ നിർത്തിവച്ച തെരച്ചിൽ ഇന്നു രാവിലെ പുനരാരംഭിക്കും. ഓമനയാണ് രത്നാകരന്റെ ഭാര്യ.