റബർമരം ഒടിഞ്ഞുവീണ് സ്കൂട്ടർയാത്രികന് ദാരുണാന്ത്യം
1575762
Monday, July 14, 2025 11:53 PM IST
കരിമണ്ണൂർ: മരം ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. കരിമണ്ണൂർ വാരാംപാറ ഇടവക്കണ്ടത്തിൽ ദേവസ്യ വർക്കി (ബേബി -63) യാണ് മരിച്ചത്. ഇന്നലെ രാത്രി രാത്രി ഏഴോടെ മാരാംപാറ കമ്പിപ്പാലത്തിനു സമീപമാണ് സംഭവം.
പെയിന്റിംഗ് തൊഴിലാളിയായ ദേവസ്യ വൈകുന്നേരം കമ്പിപ്പാലത്തെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ വഴിയരുകിൽ നിന്ന റബർമരം ഒടിഞ്ഞ് സ്കൂട്ടറിൽ പതിക്കുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണംവിട്ട് ദേവസ്യ റോഡിൽ തലയടിച്ചു വീണു.
മൃതദേഹം റോഡിൽ കമിഴ്ന്നു കിടന്ന നിലയിലാണ് ആളുകൾ കണ്ടത്. സ്കൂട്ടർ അടുത്ത പാടത്ത് മറിഞ്ഞുകിടക്കുന്ന നിലയിലും റോഡിൽ രക്തം തളംകെട്ടിയ നിലയിലുമായിരുന്നു. കരിമണ്ണൂർ പോലീസ് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ മൃതദേഹം എത്തിച്ചു. ഭാര്യ: ലിസി (മേരി). മക്കൾ: ലിബി, ലിജി.