മൂന്നര വയസുകാരനും അച്ഛനും നാടിന്റെ അന്ത്യാഞ്ജലി
1575474
Sunday, July 13, 2025 11:42 PM IST
തൊടുപുഴ: കാഞ്ഞിരമറ്റത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നര വയസുകാരന്റെയും അച്ഛന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. കുളമാവ് മുത്തിയുരുണ്ടയാര്‍ പുത്തന്‍പുരയ്ക്കല്‍ എം.പി.ഉന്മേഷ് (34), മകന് ദേവ് എന്നിവരെയാണ് ശനിയാഴ്ച രാത്രി എട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ഇന്നലെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു.
മുത്തിയുരുണ്ടയാറിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങളില്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തി. തൊടുപുഴ കാഞ്ഞിരമറ്റത്ത് വാടകയ്ക്ക് ഇവര്‍ താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ളവരും നാട്ടുകാരും സംഭവത്തിന്റെ ആഘാതത്തിലാണ്. അയല്‍ക്കാരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെങ്കിലും കുരുന്നു ജീവന് നഷ്ടമായതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍.
തൊടുപുഴയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ ശില്പയാണ് ഉന്മേഷിനെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉന്മേഷ് ഹാളിലെ ഫാനില്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു.
കിടപ്പുമുറിയിലെ ഫാനില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു ദേവ്. ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ഉന്മേഷ് ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ബന്ധുക്കളുടെയും മറ്റും മൊഴി രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പൊന്നും വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.