കല്ലാര്‍ ഡാമും പരിസരവും മാലിന്യക്കൂമ്പാരം; നടപടിക്കൊരുങ്ങി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
1453678
Tuesday, September 17, 2024 12:08 AM IST
നെടുങ്കണ്ടം: കല്ലാര്‍ ഡാമും പരിസരവും മാലിന്യക്കൂമ്പാരമായി മാറുന്നു. നടപടിക്കൊരുങ്ങി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 15 -ാം വാര്‍ഡില്‍പ്പെട്ട കല്ലാര്‍ - ചക്കക്കാനം റോഡിന്റെ വശങ്ങളിലാണ് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത്. ചാക്കില്‍ കെട്ടിയും അല്ലാതെയും മാലിന്യങ്ങൾ ഇവിടെ വലിച്ചെറിഞ്ഞിരിക്കുകയാണ്. രാത്രിയിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്.
കോഴി, മീന്‍ അവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ വീട്ടുപകരണങ്ങള്‍, അടുക്കള മാലിന്യങ്ങള്‍, പ്ലാസ്റ്റിക്, മെഡിക്കല്‍ അവശിഷ്ടങ്ങള്‍ തുടങ്ങിയവ രണ്ടു കിലോമീറ്ററോളം വരുന്ന റോഡിന്റെ വശങ്ങളില് നിറഞ്ഞിരിക്കുകയാണ്. ഇതുമൂലം പ്രദേശവാസികള്‍ക്ക് വീടുകളില്‍ താമസിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. അസഹനീയമായ ദുര്‍ഗന്ധം കിലോമീറ്ററുകളോളം വ്യാപിക്കുകയും ചെയ്യുന്നുണ്ട്. റോഡുവക്കിലെ മാലിന്യങ്ങള്‍ നായ്ക്കളും പക്ഷികളും റോഡിലൂടെ നിരത്തുന്നതിനാൽ ഇതുവഴിയുള്ള യാത്രയും ദുഃസഹമാണ്. ജലസ്രോതസുകളിലേക്കും ഇവ വ്യാപിച്ചിട്ടുണ്ട്. ഇതുമൂലം പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്.
നിരവധി ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും വഴിയരികിലെ മാലിന്യം തള്ളൽ പതിവായ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് നടപടികളിലേക്ക് കടക്കുന്നത്. മാലിന്യത്തിനുള്ളില്നിന്നും കണ്ടെത്തിയ വിലാസങ്ങൾ പരിശോധിച്ച് ഇവരെക്കൊണ്ട് പിഴ അടപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഈ മേഖലയില്‍ തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ നടത്തും.
വാഹനങ്ങള്‍ കണ്ടെത്തിയാല്‍ പിടിച്ചെടുക്കാനുള്ള നടപടിയും സ്വീകരിക്കും. പ്രദേശത്ത് കാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.