തൊടുപുഴ-കരിമണ്ണൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
1453671
Tuesday, September 17, 2024 12:07 AM IST
തൊടുപുഴ: അനുദിനം തിരക്കേറുന്ന തൊടുപുഴ-കരിമണ്ണൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. വഴിയോര കച്ചവടവും അനധികൃത പാർക്കിംഗുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. തൊടുപുഴ മുതൽ കുന്നം കുരിശുപള്ളി ജംഗ്ഷൻ വരെ പലയിടത്തും റോഡ് പുറന്പോക്ക് കൈയേറിയുള്ള കച്ചവടം വ്യാപകമാണ്. ഇത്തരംസ്ഥാപനങ്ങളിൽനിന്നു സാധന സാമഗ്രികൾ വാങ്ങുന്നതിനായി റോഡിനോടു ചേർന്ന് ആളുകൾ വാഹനം നിർത്തുന്നതോടെ പിന്നാലെ വരുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുകയാണ്.
നഗരസഭയുടെയും റവന്യുവകുപ്പിന്റെയും നേതൃത്വത്തിൽ പലവട്ടം ഒഴിപ്പിക്കൽ നാടകം നടന്നിട്ടുണ്ടെങ്കിലും ദിവസങ്ങൾക്കകം വീണ്ടും കച്ചവട സ്ഥാപനങ്ങൾ പ്രത്യക്ഷപ്പെടുകയാണ് പതിവ്. ഇത്തരക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാത്തതാണ് വീണ്ടും ഇവ ആവർത്തിക്കപ്പെടാൻ കാരണം. റോഡ് പുറന്പോക്കിലെ കൈയേറ്റം കണ്ടെത്തി ഇവ ഒഴിപ്പിക്കുകയും നിയമലംഘനം നടത്തുന്നവരിൽനിന്നു പിഴ ഈടാക്കുകയും ചെയ്തെങ്കിൽ മാത്രമേ വീണ്ടും കൈയേറ്റം നടത്തുന്നതിൽ നിന്ന് ഇത്തരം ആളുകൾ പിന്തിരിയുകയുള്ളൂ.
ഈ ഭാഗത്ത് പുതിയ ബൈപാസിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇവ യാഥാർഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. ഇതുവരെ ദുരിതം അനുഭവിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാരും പ്രദേശവാസികളും. അതിനാൽ വഴിയോരകച്ചവടം ഒഴിവാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായാൽ നിലവിലെ ഗതാഗതകുരുക്കിന് ഒരുപരിധിവരെ പരിഹാരമായേക്കും.