തിരുവോണനാളിൽ കോണ്‍ഗ്രസ് ഉപവാസം
1452576
Wednesday, September 11, 2024 11:33 PM IST
തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര പരിഹാരം തേടി തിരുവോണനാളിൽ വണ്ടിപ്പെരിയാർ ടൗണിൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു.
തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം. കാലാവസ്ഥാവ്യതിയാനത്തിനു പുറമേ ഡാം ഭ്രംശമേഖലയിൽ സ്ഥിതിചെയ്യുന്നതും ആശങ്ക ഉയർത്തുന്നു.
ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധ സമിതിയെ ഉപയോഗിച്ച് പഠനം നടത്തണം.
ഡാം തകർന്നാൽ 40 ലക്ഷം ജനങ്ങളുടെ ജീവനാണ് ഭീഷണിഉയരുന്നത്. മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്ത് പുതിയതു നിർമിച്ച് കേരളത്തിന്റെ ആശങ്ക അകറ്റണമെന്നും തമിഴ്നാടിന് ജലം ഉറപ്പുവരുത്തണമെന്നുമാണ് പാർട്ടി ആവശ്യപ്പെടുന്നത്. 15നു രാവിലെ ഒന്പതിനു ആരംഭിക്കുന്ന സമരം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. കെപിസിസി, എഐസിസി നേതാക്കളും സാംസ്കാരിക നായകരും സാമൂഹ്യപ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ മുൻ ഡിസിസി പ്രസിഡന്റ് ജോയി തോമസ്, ഡിസിസി ജനറൽ സെക്രട്ടറി എം.ഡി.അർജുനൻ എന്നിവരും പങ്കെടുത്തു.