കാഞ്ഞിരവേലി-മണിയമ്പാറ തൂക്കുപാലം പുനർ നിർമിക്കണം
1452283
Tuesday, September 10, 2024 10:46 PM IST
അടിമാലി: പ്രളയത്തിൽ തകർന്ന കാഞ്ഞിരവേലി-മണിയമ്പാറ തൂക്കുപാലം പുനർ നിർമിക്കണമെന്ന ആവശ്യം ശക്തം. 2018 ലെ പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്. പുതിയ പാലം നിർമിക്കാൻ നടപടി വേണമെന്ന ആവശ്യത്തെ തുടർന്ന് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം ഇതുവരെ നടപ്പായില്ല.
2010 ൽ ജില്ല പഞ്ചായത്ത് 46 ലക്ഷം മുടക്കിയാണ് പെരിയാറിന് കുറുകെ ഇടുക്കി- എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കാഞ്ഞിരവേലി- മണിയമ്പാറ തൂക്കുപാലം നിർമിച്ചത്.
കാഞ്ഞിരവേലി ഒറ്റപ്പെട്ട ഗ്രാമപ്രദേശമാണ്. അടിമാലി ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശം കൂടിയാണ് കാഞ്ഞിരവേലി.
കാഞ്ഞിരവലിയിൽനിന്ന് പുഴ കടന്ന് മണിയമ്പാറയിലെത്താൻ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു തൂക്കുപാലം. നിലവിൽ കാഞ്ഞിരവേലിൽനിന്നു നേര്യമംഗലം ഭാഗത്തേക്ക് എത്താൻ അഞ്ച് കിലോമീറ്റർ റോഡ് മാർഗം സഞ്ചരിക്കണം.
നിലവിലുള്ള റോഡ് തകർന്നുകിടക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതവും ദുഷ്കരമാണ്. ഈ സാഹചര്യത്തിലാണ് തകർന്നുകിടക്കുന്ന തൂക്കുപാലം പുനർ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.