ഉൾനാടൻ ഗതാഗതസൗകര്യം: ജനകീയ സദസ്
1452279
Tuesday, September 10, 2024 10:46 PM IST
ഇടുക്കി: ജില്ലയിലെ ഉൾനാടുകളിൽനിന്ന് പ്രധാന റോഡുകളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി നിയോജക മണ്ഡലത്തിൽ പൊതുഗതാഗത സൗകര്യം നിലവിലില്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതിനായി സംഘടിപ്പിച്ച ജനകീയ സദസ് കളക്ടറേറ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുവരെ പൊതു, സ്വകാര്യ ഗതാഗതസൗകര്യം എത്തിയിട്ടില്ലാത്തതും റോഡ് സൗകര്യവും ജനസാന്ദ്രതയുമുള്ള പ്രദേശങ്ങളിൽ കൂടുതൽ ബസ് റൂട്ടുകൾ ഏർപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പൊതു, സ്വകാര്യ മേഖലകൾ ഒരുമിച്ച് നിൽക്കണം. ലാഭം മാത്രം നോക്കി ബസ് റൂട്ടുകൾ നിശ്ചയിക്കാൻ കഴിയില്ല. സാധാരണ ജനങ്ങളുടെ അടിസ്ഥാനസൗകര്യം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
നിലവിലെ ബസ് റൂട്ടുകൾ ജനങ്ങൾക്ക് കൂടുതൽ സൗകര്യമാകും വിധം ക്രമീകരിക്കണം. പ്രാദേശിക സർവീസുകളുടെ എണ്ണം പൊതു, സ്വകാര്യ മേഖലകൾ വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ആർടിഒ പി.എം. ഷെബീർ, കെഎസ്ആർടിസി അസി. ട്രാൻസ്പോർട്ട് ഓഫീസർ എസ്. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ലഭിച്ച അപേക്ഷകൾ മോട്ടോർ വാഹന വകുപ്പ് ശുപാർശയായി സർക്കാരിന്റെ ഉത്തരവിനായി നൽകും.