ഓണക്കാലത്ത് മായം തടയൽ: പരിശോധനയ്ക്ക് സ്ക്വാഡുകൾ
1452019
Monday, September 9, 2024 11:46 PM IST
തൊടുപുഴ: ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളിൽ മായംചേർത്തുള്ള വിൽപ്പന തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണം സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ഇന്നലെ മുതൽ ജില്ലയിൽ രണ്ടു സ്ക്വാഡുകളാണ് പരിശോധനയ്ക്കു തുടക്കമിട്ടത്. വിവിധ വകുപ്പുകളോടു ചേർന്നുള്ള സംയുക്ത പരിശോധനയ്ക്കു പുറമേയാണ് പ്രത്യേക സ്ക്വാഡുകളുടെ പരിശോധനയും നടക്കുന്നത്. ഇന്നു മുതൽ ചെക്ക്പോസ്റ്റുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ആരംഭിക്കും.
പലചരക്കുകടകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ബേക്കറി എന്നിവിടങ്ങളിൽ ഓണക്കാലത്ത് കൂടുതൽ വിറ്റഴിക്കപ്പെടുന്ന ശർക്കര, വെളിച്ചെണ്ണ, ഭക്ഷ്യഎണ്ണകൾ, ഉപ്പേരി, പായസം മിക്സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികൾ, അരി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കും.
ബേക്കറി ഉത്പന്നങ്ങളുടെ നിർമാണ യൂണിറ്റുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, പാൽ, ഐസ്ക്രീം യൂണിറ്റുകൾ, പപ്പടം, വെളിച്ചെണ്ണ യൂണിറ്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യനിർമാണ കേന്ദ്രങ്ങളിലും പ്രത്യേക സ്ക്വാഡ് കർശന പരിശോധനകൾ നടത്തും.
ഓണസദ്യയും പായസവും മറ്റും വിൽക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പരിശോധന ഉണ്ടാകും. ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയും കർശന നടപടികളെടുക്കും.
ചെക്ക് പോസ്റ്റുകളിലും പരിശോധന
കേരള - തമിഴ്നാട് അതിർത്തിയിലെ ചെക്ക്പോസ്റ്റുകളിൽ ഇന്നു മുതൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളിൽനിന്ന് അതിർത്തി കടന്നുവരുന്ന പാൽ, മത്സ്യം, എണ്ണ, പച്ചക്കറികൾ എന്നിവയായിരിക്കും പ്രധാനമായും പരിശോധിക്കുക. മതിയായ രേഖകളില്ലാതെ കടന്നുവരുന്നവയും മായം ചേർത്തവയും കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.
പാൽ: സംയുക്ത
പരിശോധനയില്ല
അതിർത്തി ചെക്ക്പോസ്റ്റുകളിൽ നടത്തിവന്നിരുന്ന പാലിന്റെ സംയുക്ത പരിശോധന ഇത്തവണ ഉണ്ടാകില്ല. നേരത്തെ ക്ഷീരവികസന വകുപ്പുമായി ചേർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പാൽ പരിശോധന നടത്തിവന്നിരുന്നത്.
എന്നാൽ ഇത്തവണ ഇതു വേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ വർഷം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ ടാങ്കറിൽ എത്തിച്ച പാൽ പിടികൂടിയ സംഭവത്തിൽ ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കമാണ് കാരണം. ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ ഫോർമാലിന്റെ അംശം കണ്ടെത്തിയതിനെത്തുടർന്ന് ഇതു വിശദ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിരുന്നു.
എന്നാൽ ഇവരുടെ പരിശോധനയിൽ പാലിൽ ഫോർമാലിൻ കലർന്നിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് പാലിന്റെ സംയുക്ത പരിശോധന വേണ്ടെന്ന് ഇരുവകുപ്പുകളും തീരുമാനിച്ചത്.
എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിന്റെ സഹായത്തോടെ ഇന്നു മുതൽ ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന നടത്തും. ഓണക്കാലത്ത് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാൽ മതിയാകാതെ വരുന്ന സാഹചര്യത്തിൽ അതിർത്തി കടന്ന് വൻതോതിലാണ് പാലും പാലുത്പന്നങ്ങളും എത്തുന്നത്.
പാൽ പരിശോധനാ
ലാബ് ഇന്നുമുതൽ
ഇതിനിടെ ഓണം പ്രമാണിച്ച് ക്ഷീരവികസന വകുപ്പിന്റെ തൊടുപുഴ മിനി സിവിൽസ്റ്റേഷനിലെ ജില്ലാ ഗുണനിയന്ത്രണ ഓഫീസിൽ പാലിന്റെ ഗുണനിലവാര പരിശോധന നടത്താമെന്ന് ജില്ലാ ക്ഷീരവികസന ഓഫീസർ ഡോ. പി.ഇ. ഡാളസ് അറിയിച്ചു. ഇന്നു മുതൽ 14 വരെ പാൽ പരിശോധന ലാബ് പ്രവർത്തിക്കും.
പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നൽകുന്നതിനായി ക്ഷീരവികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊതുവിപണിയിൽ ലഭ്യമാകുന്ന വിവിധ ബ്രാൻഡുകളിലെ പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കൾക്ക് സൗജന്യമായി പരിശോധിക്കാം. ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം ഇന്നു രാവിലെ പത്തിന് തൊടുപുഴ തഹസിൽദാർ എ.എസ്. ബിജിമോൾ നിർവഹിക്കും.
ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വർധിക്കുന്നതിനാൽ മാർക്കറ്റിൽ ലഭ്യമായ വിവിധ പായ്ക്കറ്റ് പാലുകളുടെ ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി. ഇന്നു മുതൽ 13 വരെ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറുവരെയും 14ന് ഉച്ചയ്ക്ക് 12 വരെയുമാണ് പരിശോധന ലാബ് പ്രവർത്തിക്കുക.
ഗുണമേന്മ കുറഞ്ഞ പാൽ സാന്പിൾ സംബന്ധിച്ച റിപ്പോർട്ട് ഫുഡ് സേഫ്റ്റി അധികാരികളെ അറിയിക്കും. പാൽ ഉപഭോക്താക്കൾക്കും ഉത്പാദകർക്കും ക്ഷീരസംഘം അംഗങ്ങൾക്കും പാൽ വിതരണക്കാർക്കും പാലിന്റെ ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു നൽകും. കുറഞ്ഞത് 200 മില്ലി ലിറ്റർ പാൽ പരിശോധനയ്ക്കായി കൊണ്ടുവരണം.