മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നില്ല: വാഹനാപകട നഷ്ടപരിഹാരം വൈകുന്നു
1442322
Monday, August 5, 2024 11:55 PM IST
തൊടുപുഴ: മെഡിക്കൽ ബോർഡ് റിപ്പോർട്ട് അനന്തമായി വൈകുന്നതിനാൽ മോട്ടോർ ആക്സിഡന്റ് ക്രൈം ട്രൈബ്യൂണൽ കേസുകൾ തീർപ്പാക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നു. 2022 മുതലുള്ള വാഹനാപകട കേസുകളാണ് ഇത്തരത്തിൽ തീർപ്പാകാതെ നടപടികൾ അനന്തമായി നീണ്ടുപോകുന്നത്.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ മാസത്തിൽ ഒരു മെഡിക്കൽ ബോർഡാണ് എംഎസിടി കേസുകൾക്കായി നടത്തുന്നത്. ഒരു തവണ 14 അപേക്ഷകളിൽ കൂടുതൽ ഇതിൽ പരിഗണിക്കില്ല. ഇതോടെ യഥാസമയം പരിഗണിക്കാതെ നിരവധി കേസുകളാണ് മെഡിക്കൽ ബോർഡിന്റ ഊഴം കാത്തുകിടക്കുന്നത്.
ജില്ലാ ആശുപത്രിയിൽ 74 കേസുകളാണ് ഇത്തരത്തിൽ പരിഗണിക്കപ്പെടാതെ കിടക്കുന്നത്. ഒട്ടേറെ പേരാണ് വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റ് കഴിയുന്നത്.
മരണപ്പെട്ടവരുടെ ആശ്രിതരും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്. അതിനാൽ എംഎസിടി കേസുകൾക്കായി പ്രത്യേക മെഡിക്കൽ അദാലത്ത് സംഘടിപ്പിക്കണമെന്നാണ് നഷ്ടപരിഹാരം കാത്തുകഴിയുന്നവരുടെ ആവശ്യം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇത്തരം കേസുകളും പാലാ, മൂവാറ്റുപുഴ ഭാഗത്തുനിന്നുമുള്ള കേസുകളും തൊടുപുഴയിൽ പരിഗണിക്കുന്നതാണ് കാലതാമസത്തിനു കാരണം.
ജില്ലയിൽ നെടുങ്കണ്ടം, ചെറുതോണി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ മെഡിക്കൽ ബോർഡ് ചേരുന്നുണ്ട്. അവിടേയ്ക്ക് കേസുകൾ മാറ്റാൻ നടപടി ഉണ്ടാവുകയും മറ്റു ജില്ലകളിൽനിന്നുള്ള കേസുകൾ ഇവിടേയ്ക്ക് അയയ്ക്കാതെയും കാലതാമസം കുറയ്ക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മെഡിക്കൽ അദാലത്തുകൾ നടത്തിയാൽ മാത്രമേ സമയബന്ധിതമായി കേസുകളിൽ റിപ്പോർട്ട് നൽകി തീർപ്പാക്കാൻ കഴിയൂ എന്ന് തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ. അജി പറഞ്ഞു.