മണിയനെ കാത്ത് മണിയൻ സിറ്റി
1425261
Monday, May 27, 2024 2:12 AM IST
തൊമ്മൻകുത്ത്: തങ്ങളുടെ നാടിന്റെ നാമധേയത്തിനു കാരണക്കാരൻ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് തൊമ്മൻകുത്ത് മണിയൻ സിറ്റി നിവാസികളുടെ കാത്തിരിപ്പ്. തൊമ്മൻകുത്ത് റോഡിൽനിന്ന് ആനയാടികുത്തിനും നാരങ്ങാനത്തിനും തിരിയുന്ന ജംഗ്ഷനാണ് മണിയൻ സിറ്റി. ഇവിടുത്തെ നിറസാന്നിധ്യമായിരുന്നു 68 കാരനായ നടുവിലെകരോട്ട് മണിയൻ. എന്നാൽ കഴിഞ്ഞ 11 മുതൽ മണിയൻ ഇവിടെനിന്നു അപ്രത്യക്ഷനായി.
ഇവിടുത്തെ ആദ്യകാല കുടുംബങ്ങളിൽ ഒന്നായ നടുവിലെകരോട്ട് വീട്ടിലെ മൂത്ത ആളായിരുന്നു മണിയൻ. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനും സൗമ്യനുമായിരുന്നു. കൃഷിപ്പണി, തടി ലോഡിംഗ്, പാചകം, തുടങ്ങി ഏതു ജോലികളും ചെയ്യും. ഒടുവിൽ തന്റെ പേരിൽ ഒരു സിറ്റി തന്നെ രൂപപ്പെടുത്തി അവിടെ പലചരക്കുകടയും തുടങ്ങി.എന്നാൽ അപ്രതീക്ഷിതമായാണ് ഇദ്ദേഹത്തെ കാണാതാവുന്നത്. വാച്ചും മോതിരവും ഉൾപ്പെടെ വീട്ടിൽ വച്ച ശേഷമാണ് ഇദ്ദേഹം പോയത്. നാട്ടുകാരും വീട്ടുകാരും കരിമണ്ണൂർ പോലീസും അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഭാര്യ ശാന്ത, മക്കളായ ബിനു, ബിനോഷ്, ബിനോജ് എന്നിവർക്കൊപ്പം നാട്ടുകാരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മണിയൻ സിറ്റിയുടെ പ്രിയപ്പെട്ട മണിയൻച്ചേട്ടന്റെ തിരിച്ചു വരവിനായി.