രക്ഷിതാക്കളുമായുള്ള തർക്കം; കണ്ണംപടി ട്രൈബൽ സ്കൂളിലെ അധ്യാപികമാരെ സ്ഥലം മാറ്റി
1339489
Saturday, September 30, 2023 11:57 PM IST
ഉപ്പുതറ: രക്ഷകർത്താക്കളുമായുളള തർക്കത്തെത്തുടർന്നുണ്ടായ പരാതിയിൽ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്കൂളിലെരണ്ട് അധ്യാപകരെ സ്ഥലം മാറ്റി.
പ്രധാനാധ്യാപികയുടെ ചുമതല ഉണ്ടായിരുന്ന നിത്യകല്യാണി, സീനിയർ അസിസ്റ്റന്റ് സ്വപ്ന രാജു എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഒരാളെ കുഞ്ചിത്തണ്ണിക്കും മറ്റേയാളെ തോപ്രാംകുടിക്കുമാണ് സ്ഥലം മാറ്റിയത്.
കോഴിക്കോടു സ്വദേശി പി.കെ. മഹേഷിന് പ്രധാനാധ്യാപകനായി നിയമനം നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ് പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ പ്രതിനിധി സംഘം വിദ്യാഭ്യാസ, പട്ടികവർഗ വകുപ്പു മന്ത്രിമാരെ നേരിൽകണ്ട് പരാതി നൽകിയിരുന്നു.
തുടർന്ന് കഴിഞ്ഞ 25ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.വിജയ നേരിട്ട് സ്കൂളിലെത്തി അന്വേഷണം നടത്തിയതിനു പിന്നാലെയാണ് നടപടി. അന്വേഷണ റിപ്പോർട്ട് മന്ത്രിമാർക്കു നൽകിയിട്ടുണ്ട്.