സ്ത്രീവിരുദ്ധ പരാമർശങ്ങളും ഭീഷണിയുമായി എം.എം. മണി
1339249
Friday, September 29, 2023 11:17 PM IST
നെടുങ്കണ്ടം: സ്ത്രീവിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങളുമായി മുതിർന്ന സിപിഎം നേതാവും എംഎൽഎയുമായ എം.എം. മണി. നെടുങ്കണ്ടത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേയാണ് എം.എം. മണി വിവാദ പ്രസംഗം നടത്തിയത്.
നെടുങ്കണ്ടത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് നെടുങ്കണ്ടം ആർടിഒ ഓഫീസിലേക്കു സിഐടിയു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.എം. മണി. സ്ത്രീവിരുദ്ധപരമാർശത്തിൽ ആരംഭിച്ചു ഭീഷണിയിലേക്കു വഴിമാറുന്ന രീതിയിലാണ് പ്രസംഗം നടത്തിയത്.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കുമെന്നും പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ലന്നും മണി ഇതിനൊടൊപ്പം കൂട്ടിച്ചേർക്കുകയായിരുന്നു. കോടതിയിൽ വരുമ്പോൾ സാക്ഷിപോലും ഉണ്ടാവില്ല.
കേസ് എടുത്തിട്ട് എല്ലാം സർക്കാരിനു പണം ഉണ്ടാക്കാൻ ആണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇങ്ങനെ പറയുന്ന ഉദ്യാഗസ്ഥരുടെ നാക്ക് ചവിട്ടിക്കൂട്ടും. ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അത് പോലീസോ, ആർടിഒയോ കളക്ടറായാലും കൈകാര്യം ചെയ്യുമെന്നും എം.എം. മണി ഭീഷണി മുഴക്കി.
നെടുങ്കണ്ടം-തൂക്കുപാലം റൂട്ടിൽ ഓടുന്ന ജീപ്പുകൾ അനാവശ്യമായി തടഞ്ഞ് അമിത ഫൈൻ ഈടാക്കുന്നതായി ആരോപിച്ചായിരുന്നു നെടുങ്കണ്ടം ആർടിഒ ഓഫീസിലേക്ക് സിഐടിയു മാർച്ചും ധർണയും നടത്തിയത്.
എന്നാൽ, ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്കു മുമ്പിൽ ജീപ്പുകൾ ഓടിക്കുന്നതുമൂലം തങ്ങൾക്ക് നഷ്ടം നേരിടുന്നതായി ചൂണ്ടിക്കാട്ടി ബസ് ഉടമകൾ പരാതി നൽകിയിരുന്നതായി മോട്ടോർ വാഹനവകുപ്പ് പറഞ്ഞു.
ബസുകൾക്ക് തൊട്ടു മുമ്പുള്ള സർവീസ് അവസാനിപ്പിക്കണമെന്ന് ജീപ്പുകാരോട് പലതവണ ആവശ്യപ്പെട്ടിട്ടും ഇതു തുടർന്ന സാഹചര്യത്തിലാണ് നിയമപരമായ നടപടി സ്വീകരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സിപിഎം പ്രവര്‍ത്തകര്‍ ആര്‍ടിഒ ഉദ്യോഗസ്ഥരെ തടഞ്ഞു
നെടുങ്കണ്ടം: ആര്‍ടിഒ ജീവനക്കാര്‍ക്കെതിരേയുള്ള എം.എം. മണി എംഎൽഎയുടെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ മുണ്ടിയെരുമയില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതേത്തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി.
ജോയിന്റ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാര്‍ ടാക്സി, സമാന്തര സര്‍വീസുകള്‍ക്കെതിരേ അമിത പിഴ ഈടാക്കുന്നു എന്നാരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടത്തിയ സമരത്തില്‍ എം.എം. മണി എംഎല്‍എ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ മുണ്ടിയെരുമയില്‍ ജീവനക്കാരെ തടഞ്ഞത്. തുടര്‍ന്ന് പോലീസ് എത്തി രംഗം ശാന്തമാക്കി.