നാട്ടുകാരുടെ ഉറക്കം കെടുത്തി മുട്ടത്ത് വീണ്ടും വിദ്യാർഥി സംഘർഷം
1338795
Wednesday, September 27, 2023 11:14 PM IST
മുട്ടം: ഇടവേളയ്ക്കു ശേഷം വിദ്യാർഥി സംഘർഷത്താൽ കലുഷിതമായി മുട്ടം എൻജിനിയറിംഗ് കോളജും പരിസരവും. എസ്എഫ്ഐ-കെഎസ്യു പ്രവർത്തകരാണ് കോളജിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയത്.
കോളജിലെ ഫ്രഷേഴ്സ് ഡേ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഒന്നാംവർഷ വിദ്യാർഥികളുടെ സ്വീകരണ പരിപാടിക്കിടെയായിരുന്നു സംഭവം. സംഘർഷത്തെത്തുടർന്ന് ഇരു സംഘടനകളിൽനിന്നായി മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ഇരുകൂട്ടരുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ മുട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
മുൻ വർഷങ്ങളിൽ തുടർച്ചയായുണ്ടായിരുന്ന വിദ്യാർഥി സംഘർഷങ്ങൾ കാരണം മുട്ടത്തെ ക്രമസമാധാന നില തന്നെ താറുമാറാകുന്ന സ്ഥിതിയിലായിരുന്നു. പ്രദേശവാസികൾക്കും വ്യാപാരികൾക്കും ഇത് തലവേദനയായി മാറുകയും ചെയ്തിരുന്നു.
ഇതിനെതിരെ നാട്ടുകാരും വ്യാപാരികളും രംഗത്തു വരികയും പോലീസ് കർശന നടപടിയെടുക്കുകയും കൂടി ചെയ്തതോടെ കഴിഞ്ഞ ഏതാനും നാളുകളായി മുട്ടവും പരിസരങ്ങളും വിദ്യാർഥി സംഘർഷങ്ങളില്ലാതെ സമാധാനപരമായ അവസ്ഥയിലേക്ക് എത്തിയിരുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മുട്ടത്ത് വീണ്ടും വിദ്യാർഥി സംഘർഷങ്ങൾ തുടർക്കഥയായി മാറുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.എന്നാൽ എൻജിനിയറിംഗ് കോളജ് സംഘർഷത്തിന് കാരണം ലഹരി മാഫിയയാണെന്ന് കഐസ്യു പ്രവർത്തകർ ആരോപിച്ചു.
കഴിഞ്ഞ ഒരാഴ്ചയോളമായി മുട്ടത്ത് ലഹരി പാർട്ടി ഉൾപ്പെടെ നടത്തിയതിന്റെ ഭാഗമായാണ് കോളജിൽ സംഘർഷം ഉണ്ടായത്.
ലഹരി കേസിൽ അകപ്പെട്ടതിനെത്തുടർന്ന് കോളജിൽനിന്നു പുറത്താക്കിയ വ്യക്തി കഴിഞ്ഞ രണ്ട് ദിവസമായി കോളജിൽ പ്രവേശിച്ച് ഇടതു വിദ്യാർഥി സംഘടനയ്ക്കായി പ്രവർത്തിച്ചതായി ഇവർ ആരോപിച്ചു.
ഒരാഴ്ച മുൻപ് കെഎസ്യു സ്ഥാപിച്ച കൊടിതോരണങ്ങൾ ഉൾപ്പെടെ കോളജിന് അകത്തുനിന്നു മോഷണം പോയിരുന്നു. പരാതി നൽകിയിട്ടും സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽനിന്നു മോഷ്ടാക്കളെ കണ്ടെത്താൻ അധികൃതർ തയാറായില്ലെന്നും ഇവർ പറഞ്ഞു.