പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ
1338491
Tuesday, September 26, 2023 10:56 PM IST
തൊടുപുഴ: കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പോലീസുകാരനെ ചവിട്ടി വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ മൂവാറ്റുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന വെങ്ങല്ലൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന നിബുവാണ് (34) തൊടുപുഴ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒന്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. മോഷ്ടിക്കപ്പെട്ട വാഹനം തൃശൂരിൽ നിന്ന് തൊടുപുഴയിലേക്കു വരുന്നതായി തൊടുപുഴ സിഐക്ക് ലഭിച്ച സന്ദേശത്തെത്തുടർന്ന് പോലീസ് വെങ്ങല്ലൂരിൽ വാഹന പരിശോധന നടത്തുകയായിരുന്നു.
ഈ സമയത്താണ് നിബുൻ സംശയാസ്പദമായ സാഹചര്യത്തിൽ കാറിലെത്തുന്നത്. കസ്റ്റഡിയിലെടുത്ത കാർ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ നിർദേശിച്ച ശേഷം സീനിയർ സിപിഒ ഗോവിന്ദൻ നായർ വാഹനത്തിൽ കയറി.
വെങ്ങല്ലൂരിൽനിന്ന് ടൗണിലേക്കു വരുന്ന വഴി നിബുൻ പെട്ടെന്ന് മങ്ങാട്ടുകവല ബൈപാസിലേക്ക് കാർ തിരിച്ചു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പോലീസുകാരനോട് ആവശ്യപ്പെട്ടു.
ഇതിന് കൂട്ടാക്കാതിരുന്ന ഗോവിന്ദൻ നായരെ ചവിട്ടിപുറത്താക്കിയ ശേഷം ഇയാൾ കാറുമായി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഗോവിന്ദൻ അറിയിച്ചതിനെത്തുടർന്ന് ഉടൻതന്നെ പോലീസ് പിന്നാലെയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ കാലടിയിൽ ഇയാൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു. അതേസമയം തൃശൂരിൽ നിന്ന് കാണാതായ വാഹനം ഇയാൾ മോഷ്ടിച്ചതല്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ മോഷണം, കഞ്ചാവ് വിൽപ്പന എന്നിവയടക്കം നിരവധി കേസുകളിൽ പ്രതിയാണ് നിബുൻ.
സംഭവസമയത്ത് ഇയാളുടെ കൈവശം കഞ്ചാവോ മറ്റ് ലഹരിവസ്തുക്കളോ ഉണ്ടായിരുന്നതിനാലാകാം പോലീസുകാരനെ ചവിട്ടിയ ശേഷം രക്ഷപ്പെട്ടതെന്നാണ് സംശയിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.