പോത്ത് മോഷണക്കേസിലെ പ്രതി 43 വർഷത്തിനു ശേഷം പിടിയിൽ
1337304
Friday, September 22, 2023 12:14 AM IST
ചെറുതോണി: 43 വർഷം മുന്പ് പോത്തിനെ മോഷ്ടിച്ചതിന് പോലീസ് കേസെടുത്തപ്പോൾ മുങ്ങി നടന്നയാളെ ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെണ്മണി പുളിക്കത്തൊട്ടി കൊല്ലിക്കൊളവിൽ ജോസ് (62) ആണ് അറസ്റ്റിലായത് .
1980ൽ ഒരു പോത്ത് മോഷണക്കേസുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് . സംഭവം നടക്കുമ്പോൾ ജോസിന് 20 വയസായിരുന്നു പ്രായം. കൂട്ടുപ്രതികളായ രണ്ടു പേർ ഇതിനകം മരണമടഞ്ഞു.
സംഭവത്തിനു ശേഷം കർണാടകയിലേക്കു കടന്ന പ്രതി പല സ്ഥലങ്ങളിലും കറങ്ങിനടന്നു. ഒടുവിൽ കട്ടപ്പനയ്ക്കു സമീപം കൊച്ചുതോവാളയിൽ വന്നു താമസിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇടുക്കി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.