കുടിയേറ്റഗ്രാമത്തിലെ ബൃഹത്തായ സ്കൂൾമന്ദിരം നാടിന്റെ അഭിമാനം: മന്ത്രി റോഷി അഗസ്റ്റിൻ
1337293
Friday, September 22, 2023 12:08 AM IST
ചെറുതോണി: കുടിയേറ്റഗ്രാമമായ മുരിക്കാശേരിയിൽ പണി പൂർത്തീകരിച്ച ബൃഹത്തായ സ്കൂൾമന്ദിരം നാടിന്റെ അഭിമാനമാണെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനായി നിർമിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്കൂളിനായി രണ്ടര കോടി രൂപ മുടക്കി നിർമിച്ച പുതിയ മന്ദിരത്തിന്റെ വെഞ്ചരിപ്പ് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു.
സ്കൂളിൽ വിദ്യാർഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധ്യാപകരുടെ നേതൃത്വത്തിൽ മാജിക് ഷോയിലൂടെയാണ് ധനശേഖരണത്തിനു തുടക്കം കുറിച്ചത്. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പിടിഎയുടെയും ജനപ്രതിനിധികളുടെയും സർക്കാരിന്റെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് പുതിയ സ്കൂൾ മന്ദിരം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. അധ്യാപകർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം സ്കൂൾ മന്ദിരത്തിന്റെ നിർമാണത്തിനായി നൽകിയിരുന്നു.
ഉദ്ഘാടനത്തിനു ശേഷം നടന്ന പൊതുസമ്മേളത്തിൽ സ്കൂൾ മാനേജർ ഫാ. ജോസ് നരിതൂക്കിൽ അധ്യക്ഷത വഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ഇടുക്കി രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ തോമസ്, ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോസഫ് മാത്യു, പാവനാത്മ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ബെന്നോ പുതിയാപറമ്പിൽ, ഹെഡ്മാസ്റ്റർ കെ.എസ്. സിബി, പതിനാറാംകണ്ടം മുഹിയദീൻ പുത്തൻപള്ളി ചീഫ് ഇമാം മുഹമ്മദ് നേസൽ മിഫ്താഹി അസ അദി, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ഹയർ സെക്കൻഡറി ആർഡിഡി കെ.ആർ. ഗിരിജ, കട്ടപ്പന ഡിഇഒ പി.കെ. മണികണ്ഠൻ, പഞ്ചായത്തംഗം വിജി ജോർജ്, പിടിഎ പ്രസിഡന്റ് ജെയ്സൺ കെ. ആന്റണി, എംപിടിഎ പ്രസിഡന്റ് ശ്രീജ തങ്കച്ചൻ, സിബി വലിയമറ്റം, ടി.പി. മൽക്ക, ജോണി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാർഥികളും രക്ഷാകർത്താക്കളുമുൾപ്പെടെ നിരവധിപ്പേർ സ്കൂൾ മന്ദിര ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. സുവർണ ജൂബിലി നിറവിലേക്ക് അടുക്കുന്ന മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനായി നിർമിച്ച പുതിയ മന്ദിരം നാടിനോടും വിദ്യാർഥി സമൂഹത്തോടുമുള്ള അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ആത്മാർപ്പണത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ്.