ഉടുമ്പന്‍ചോല ജോ. ആര്‍ടിഒ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും
1301737
Sunday, June 11, 2023 3:10 AM IST
നെടുങ്കണ്ടം: ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് നാളെ ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തും.
നെടുങ്കണ്ടം മേഖലയില്‍ വ്യാപാരസ്ഥാപനങ്ങളില്‍നിന്നു സാധനങ്ങളുമായി പോകുന്ന പെട്ടി ഓട്ടോകള്‍ ഉള്‍പ്പടെയുള്ളവയെ തടഞ്ഞ് വന്‍പിഴയാണ് ഉദ്യോഗസ്ഥര്‍ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഇരുമ്പ് പൈപ്പുകളുമായി പോയ പെട്ടി ഓട്ടോറിക്ഷയ്ക്ക് 20,000 രൂപ പിഴ ചുമത്തി. അധികൃതരുടെ ഇത്തരം നടപടികള്‍ വ്യാപാരികളോടും മോട്ടോര്‍വാഹന തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണെന്ന് സമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഹൈറേഞ്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം പല മേഖലകളിലും വലിയ വാഹനങ്ങളില്‍ നിര്‍മാണ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളും വിപണിയും ചരക്കുനീക്കത്തിന് ആശ്രയിക്കുന്നത് ചെറിയ പിക്ക് അപ്പ് വാഹനങ്ങളെയാണ്. ഇതു പരിഗണിക്കാതെയാണ് വൻ തുക പിഴ ചുമത്തുന്നത്. ഇത് നിർമാണ മേഖലയിൽ സ്തംഭനം സൃഷ്ടിക്കും.
രാവിലെ 11നു നടക്കുന്ന പ്രതിഷേധ ധര്‍ണ എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ധര്‍ണയില്‍ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും സംഘടനകളും പങ്കാളികളാണെന്ന് സമരസമിതി അംഗങ്ങളായ ടി.വി. ശശി, ജെയിംസ് മാത്യു, നൗഷാദ് ആലുംമൂട്ടില്‍, സജീവ് ആര്. നായര്‍, ജെയ്സ് എന്നിവര്‍ അറിയിച്ചു.