ലോറിഡ്രൈവർക്ക് കുത്തേറ്റു
1301373
Friday, June 9, 2023 10:53 PM IST
കാഞ്ഞാർ: ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവർക്ക് കുത്തേറ്റു. തൊടുപുഴ സ്വദേശി കോതവഴിക്കൽ പ്രദീപ് (ബാബു-55) നാണ് കുത്തേറ്റത്. കഴുത്തിൽ കത്തി തറച്ചുകയറിയ നിലയിൽ പ്രദീപിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിനെ കുത്തിയ കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കൽ ബാലകൃഷ്ണനു (കുഞ്ഞ്) വേണ്ടി കാഞ്ഞാർ പോലീസ് തെരച്ചിൽ ആരംഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. റബർതടി വിൽപനയെത്തുടർന്നുണ്ടായ വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കൂവക്കണ്ടം ശ്രീധർമശാസ്താ ക്ഷേത്രവളപ്പിലെ റബർ മരങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മരം വാങ്ങിയ വ്യക്തിയും കുഞ്ഞും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു. കുഞ്ഞ് പറഞ്ഞതിനേക്കാൾ കൂടിയ തുകയ്ക്കാണ് ഇപ്പോൾ വാങ്ങിയയാൾ കച്ചവടം ഉറപ്പിച്ചത്.
തടി വെട്ടിയശേഷം ലോറിയിൽ കയറ്റാനെത്തിയതായിരുന്നു പ്രദീപ്. ലോറിയിൽ കിടന്നുറങ്ങുന്ന സമയത്ത് കുഞ്ഞ് കത്തിയുമായി എത്തി ആക്രമിക്കുകയായിരുന്നു. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കാഞ്ഞാർ എസ്ഐ സിബി തങ്കപ്പന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിക്കായി തെരച്ചിൽ നടത്തുന്നത്.