വാഴത്തോപ്പ് പഞ്ചായത്തിൽ കന്നുകാലികളിൽ ചർമമുഴ പടരുന്നു
1301098
Thursday, June 8, 2023 10:56 PM IST
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിൽ കന്നുകാലികൾക്ക് ചർമമുഴ പടരുന്നു. മൃഗഡോക്ടറില്ലാത്തതിനാൽ ക്ഷീരകർഷകർ ദുരിതത്തിൽ. ഒരു മാസമായി കന്നുകാലികളിൽ ചർമമുഴ പടർന്നു പിടിക്കുകകയാണ്.
വാഴത്തോപ്പ് പഞ്ചായത്തിൽ കാലിവളർത്തൽ ഉപജീവനമാർഗമായി സ്വീകരിച്ച നൂറുകണക്കിന് കർഷകരുണ്ട്. ഇതിൽ പകുതിയോളം ആദിവാസി കുടുംബങ്ങളാണ്. കന്നുകാലികളുടെ ദേഹം മുഴുവൻ ചെറിയ മുഴകൾ ഉണ്ടാവുകയും പഴുത്തു പൊട്ടുകയുമാണ്. വെള്ളവും ആഹാരവും കഴിക്കാതെ കന്നുകാലികൾ പെട്ടന്ന് ക്ഷീണിക്കും. പാൽ പകുതിയായി കുറയും.
ദിനംപ്രതി നിരവധി കർഷകരാണ് രോഗവിവരവുമായി മൃഗാശുപത്രിയിലെത്തുന്നത്. എന്നാൽ, ഇവിടെ ഡോക്ടറില്ലാത്തതിനാൽ മടങ്ങിപ്പോകേണ്ടിവരുന്നു. ഈ രോഗം വന്നാൽ ചികിത്സിച്ചാലും മാറുന്നതിന് ഒരു മാസമെടുക്കും.
ബാങ്കിൽനിന്നു വായ്പയെടുത്തും സ്വകാര്യ വ്യക്തികളിൽനിന്നു പണം പലിശയ്ക്കെടുത്തുമാണ് പലരും കന്നുകാലികളെ വാങ്ങുന്നത്.
വാഴത്തോപ്പ് മൃഗാശുപത്രിയിൽ എത്രയും വേഗം ഡോക്ടറെ നിയമിക്കണമെന്ന് ക്ഷീരകർഷകർ ആവശ്യപ്പെട്ടു.