ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊന്ന കേസിലെ പ്രതിയെ വെറുതേ വിട്ടു
1300857
Wednesday, June 7, 2023 10:53 PM IST
കൊച്ചി: വണ്ടിപ്പെരിയാറില്‍ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊന്ന കേസില്‍ പ്രതിയായ ഇടുക്കി മഞ്ഞുമല സ്വദേശി മാരിമുത്തുവിനെ ഹൈക്കോടതി വെറുതേ വിട്ടു. ഭഗവതി (17), ശിവ (11) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി മാരിമുത്തുവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേ നല്കിയ അപ്പീല്‍ അനുവദിച്ച് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.
സഹോദരങ്ങള്‍ കൊല്ലപ്പെട്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു വിലയിരുത്തിയ ഡിവിഷന് ബെഞ്ച് കുറ്റകൃത്യം ചെയ്തത് മാരിമുത്തുവാണെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ശിക്ഷ റദ്ദാക്കിയത്. കേസിലെ സാക്ഷിമൊഴികളില്‍ തന്നെ സംശയങ്ങളുണ്ടെന്നും പ്രോസിക്യൂഷന് ഹാജരാക്കിയ സാക്ഷിമൊഴികള്‍ പ്രതി കുറ്റക്കാരനാണെന്ന് വിലയിരുത്താന്‍ പര്യാപ്തമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അമ്മയുമായി പ്രതിക്കുള്ള വഴിവിട്ട ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്നു മാരിമുത്തുവിനെ ഭഗവതിയും ശിവയും ആക്രമിച്ചെന്നും തുടര്‍ന്ന് ഇരുവരും ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊന്നെന്നുമായിരുന്നു കേസ്. 2013 മാര്‍ച്ച് 21ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആദ്യം പോലീസ് അന്വേഷിച്ച കേസില്‍ പിന്നീട് ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.