ശുചിത്വമില്ല; കരിമണ്ണൂരിലെ ജനകീയ ഹോട്ടൽ അടപ്പിച്ചു
1299520
Friday, June 2, 2023 11:17 PM IST
കരിമണ്ണൂർ: ശുചിത്വമില്ലാത്തതിനെത്തുടർന്ന് കുടുബശ്രീ ജനകീയ ഹോട്ടൽ അടച്ചുപൂട്ടി. കരിമണ്ണൂർ പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു സമീപം പ്രവർത്തിച്ചിരുന്ന ഹോട്ടലാണ് ആരോഗ്യ പ്രവർത്തകർ അടപ്പിച്ചത്.
മതിയായ ശുചിത്വവും സുരക്ഷാമാനദണ്ഡവും ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് പഞ്ചായത്തംഗങ്ങളിൽ ചിലർ ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിച്ചു. തുടർന്ന് ഡിഎംഒയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കരിമണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നുള്ള ജീവനക്കാർ എത്തിയാണ് ഹോട്ടൽ അടപ്പിക്കാനുള്ള നടപടി സ്വീകരിച്ചത്.
ശുചിത്വമില്ലായ്മ പലതവണ ചൂണ്ടിക്കാണിച്ചിട്ടും നടത്തിപ്പുകാർ ഇത് അവഗണിക്കുകയായിരുന്നെന്ന് പഞ്ചായത്തംഗങ്ങൾ പറഞ്ഞു.