സുരക്ഷിത യാത്രയ്ക്കൊരുങ്ങി 589 സ്കൂൾ ബസുകൾ
1299292
Thursday, June 1, 2023 10:57 PM IST
തൊടുപുഴ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾവാഹനങ്ങളുടെ പരിശോധന തുടരുന്നു.
ജില്ലയിൽ ഇതിനോടകം 589 സ്കൂൾബസുകൾ പരിശോധിച്ച് സുരക്ഷാ സ്റ്റിക്കർ പതിച്ചു.
373 സ്കൂളുകളിലായി ആയിരം ബസുകളാണ് ജില്ലയിലുള്ളത്. ഇതിൽ നൂറ്റന്പതോളം സ്കൂളുകളിലെ ബസുകളാണ് പരിശോധന നടത്തിയത്. ഇടുക്കി-147, വണ്ടിപ്പെരിയാർ-127, തൊടുപുഴ-133, അടിമാലി-37, ഉടുന്പഞ്ചോല-145 എന്നിങ്ങനെയാണ് വിവിധ ആർടി ഓഫീസുകൾക്കു കീഴിൽ പരിശോധിച്ച് സ്റ്റിക്കർ പതിച്ചത്.
പരിശോധനയ്ക്ക് ഹാജരാക്കാത്ത ബസുകൾ ടെസ്റ്റിംഗ് ഗ്രൗണ്ടിലെത്തിച്ചാൽ ഫിറ്റ്നസുണ്ടെങ്കിൽ സ്റ്റിക്കർ പതിച്ചു നൽകും. എന്നാൽ, സുരക്ഷാസ്റ്റിക്കർ ഒട്ടിക്കാത്ത വാഹനങ്ങൾ വിദ്യാർഥികളുമായി സർവീസ് നടത്താൻ അനുവദിക്കില്ല. ഇതോടൊപ്പം 923 സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനവും ബോധവത്കരണവും നൽകി.
മോട്ടോർ വാഹനവകുപ്പ്, പോലീസ്, എക്സൈസ്, ഫയർ ആൻഡ് സേഫ്റ്റി, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശീലനം നൽകിയത്.