മൂലമറ്റം ടൗണിൽ മോഷണപരന്പര
1299264
Thursday, June 1, 2023 10:44 PM IST
മൂലമറ്റം: ടൗണിൽ ബിവറേജസ് ഒൗട്ട്ലറ്റ് ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. രണ്ടു വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ഒരു സ്റ്റേഷനറി കടയിലും മോഷ്ടാക്കൾ കവർച്ച നടത്തി. 20,000 ഓളം രൂപയും മദ്യവും ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷണം പോയി. ബിവറേജ് ഒൗട്ട്ലറ്റിൽ നിന്നു പത്ത് കുപ്പി വിലകൂടിയ വിദേശമദ്യമാണ് മോഷ്ടിച്ചത്.
ഒരു വസ്ത്രശാല കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സാഫല്യം ടെക്സ്റ്റൈൽസ്, ഇടവക്കണ്ടം ടെക്സ്റ്റൈൽസ്, പോത്തുംമൂട്ടിൽ മണിയുടെ സ്റ്റേഷനറിക്കട, ബിവറേജസ് ഷോപ്പ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ലക്ഷ്മി ടെക്സ്റ്റൈൽസിന്റെ താഴ് പൊളിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.
പ്രതിയുടെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിട്ടുണ്ട്. മോഷണം നടത്താൻ മുഖം മറച്ചെത്തിയ പ്രതി ഗ്ലൗസും ധരിച്ചിരുന്നു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് ഉടമകൾ വിവരം അറിയുന്നത്. ഉടൻതന്നെ കാഞ്ഞാർ പോലീസിനെ വിവരം അറിയിച്ചു. എസ്ഐ സിബി തങ്കപ്പനും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇടുക്കിയിൽനിന്നു പോലീസ് നായയും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
മോഷണം നടന്ന കടയിൽ കയറിയ ശേഷം പോലീസ് നായ സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ അര കിലോമീറ്റർ പോയി തിരികെ പോന്നു. അന്വേഷണം ഉൗർജിതപ്പെടുത്തിയതായി കാഞ്ഞാർ പോലീസ് പറഞ്ഞു. മൂലമറ്റത്ത് വർഷങ്ങൾക്കു മുന്പ് മോഷണം പതിവായിരുന്നു. ഇപ്പോൾ മഴക്കാലമായതോടെ വീണ്ടും മോഷ്ടാക്കൾ സ്ഥലത്ത് തന്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.