ബിജുവിനും സന്തോഷിനും നാടിന്റെ അശ്രുപൂജ
1299028
Wednesday, May 31, 2023 11:03 PM IST
മൂലമറ്റം: ത്രിവേണി സംഗമത്തിൽ മുങ്ങിമരിച്ച ബിജുവിനും സന്തോഷിനും നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൂലമറ്റം എകെജി കോളനിയിലെ വീടുകളിൽ എത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 11.45 ഓടെ ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയ മക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (56) സജി ഭവനിൽ ബിജു (54) എന്നിവർ മുങ്ങി മരിച്ചത്. സന്തോഷിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ ഭാര്യ ആശ, മകൾ ദേവപ്രിയ എന്നിവർ വാവിട്ടു കരഞ്ഞു. പിന്നീട് തൊടുപുഴ നഗരസഭയുടെ ശാന്തിതീരം പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ബിജുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഭാര്യ ജിസ, മക്കളായ സച്ചിൻ, സഞ്ജു എന്നിവർക്ക് ദു:ഖം അടക്കാനായില്ല. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ സംഭവ ദിവസം ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം എം.ജെ.ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടോമി വാളികുളം, സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ, പഞ്ചായത്തംഗങ്ങളായ കെ.എൽ.ജോസഫ് , ഉഷ ഗോപിനാഥ്, പി.എ.വേലുക്കുട്ടൻ എന്നിവർ വീടുകളിലെത്തി ആദരാഞ്ജലി അർപ്പിച്ചു.