വനംവകുപ്പിന്റെ കർഷകദ്രോഹം അനുവദിക്കില്ല: എകെസിസി
1281599
Monday, March 27, 2023 11:44 PM IST
വണ്ണപ്പുറം: വനംവകുപ്പ് നടത്തുന്ന കർഷകവിരുദ്ധ സമീപനം കാർബണ്‍ ഫണ്ട് ഉപയോഗിച്ച് വനവത്കരണം നടത്തി കർഷകരെ കുടിയിറക്കാനുള്ള നീക്കമാണെന്നു എകെസിസി വണ്ണപ്പുറം യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. ഇതിനായാണ് വനം ഉദ്യോഗസ്ഥർ നിരന്തരം കർഷകരെ ഉപദ്രവിക്കുന്നതും അവരുടെ കൃഷിപ്പണികൾ തടസപ്പെടുത്തുന്നതും പതിവായിരിക്കുന്നത്.
വന്യമൃഗങ്ങളെ കൃഷിയിടങ്ങൾക്കു സമീപം വനമേഖലയിൽ തുറന്നുവിടുക, കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തുരത്തുന്ന കർഷകന്റെ പേരിൽ കേസെടുത്ത് ജയിലിലടയ്ക്കുക തുടങ്ങിയ നടപടികളാണ് നടന്നുവരുന്നത്. മുണ്ടന്മുടി, കന്പകക്കാനം, നാരങ്കാനം മേഖലയിലെ കർഷകരെ വനംവകുപ്പ് നിരന്തരം ഉപദ്രവിക്കുന്നത് അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു. ഭൂപതിവ് ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തി കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകാൻ കാലതാമസം വരുത്തുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
യൂണിറ്റ് ഡയറക്ടർ ഫാ. ജോണ്‍ പിച്ചാപ്പള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ഗർവാസീസ് തോമസ് അധ്യക്ഷത വഹിച്ചു. യുവജനങ്ങളും നൂതന കാർഷികരീതിയും എന്ന വിഷയത്തിൽ സാബു അയ്യുണ്ണിക്കൽ ക്ലാസ് നയിച്ചു. സോജൻ ജോസ്, ഷാജു പുളിക്കക്കണ്ടം, മാത്യു തോട്ടുങ്കൽ, ജോർജ് മോളത്ത് എന്നിവർ പ്രസംഗിച്ചു.