ഇടുക്കി രൂപതാദിനം: സ്വാഗതസംഘം രൂപീകരിച്ചു
1281324
Sunday, March 26, 2023 10:52 PM IST
കരിമ്പൻ: ഇടുക്കി രൂപതയുടെ പ്രഥമ രൂപതാദിനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. മേയ് 16 ന് വെള്ളയാംകുടിയിലാണ് രൂപതാദിനത്തിനു വേദിയൊരുങ്ങുന്നത്.
ഏപ്രിൽ 16 മുതൽ മേയ് 16 വരെ ഇടവക, ഫൊറോന, രൂപതാതലത്തിൽ വിവിധ പരിപാടികളോടെ രൂപതാദിനം ആചരിക്കും. മേയ് 16നു വെള്ളയാംകുടിയിൽ ചേരുന്ന രൂപത ദിനാചരണ സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ഹൈറേഞ്ചിൽ വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയവരെ യോഗത്തിൽ ആദരിക്കും. രൂപതയിലെ മുഴുവൻ ഇടവകകളിൽനിന്നു പ്രാതിനിധ്യസ്വഭാവത്തോടെ ആളുകൾ പങ്കെടുക്കും.
പരിപാടികളുടെ ക്രമീകരണത്തിനായി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ രക്ഷാധികാരിയായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വെള്ളയാംകുടി പാരീഷ്ഹാളിൽ ചേർന്ന യോഗം മോൺ. ജോസ് പ്ലാച്ചിക്കൽ ഉദ്ഘാടനം ചെയ്തു.
ഫാ. തോമസ് മണിയാട്ട്, ഫാ. ജോസ് കരിവേലിക്കൽ, ഫാ. തോമസ് പഞ്ഞിക്കുന്നേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. മാത്യു തടത്തിൽ, സിസ്റ്റർ ലിറ്റി ഉപ്പുമാക്കൽ എസ്എബിഎസ്, സിസ്റ്റർ ടെസ്ലിൻ എസ്എച്ച്, ജോർജ് കോയിക്കൽ, ജെറിൻ പട്ടാംകുളം, ഷൈനി മാവേലിൽ എന്നിവർ പ്രസംഗിച്ചു.