കോന്പയാറിലും ആനയിറങ്കലിലും ആലിപ്പഴ മഴ
1280234
Thursday, March 23, 2023 10:41 PM IST
നെടുങ്കണ്ടം: വേനൽമഴയ്ക്കൊപ്പം അപ്രതീക്ഷിതമായി ആലിപ്പഴവും വീണത് നെടുങ്കണ്ടം മേഖലയിൽ അന്തരീക്ഷവും മനസും തണുപ്പിച്ചു. കോമ്പയാർ, പാലാർ, രാമക്കൽമേട് , പാമ്പാടുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് പെയ്തത്.
കോമ്പയാറ്റിൽ ഒന്നര മണിക്കൂറോളമാണ് മഴ പെയ്തത്. ഇതോടൊപ്പം ആലിപ്പഴവും വീണു. ആലിപ്പഴം വീണ് ഇവിടെ കൃഷിനാശവും ഉണ്ടായി. ആലിപ്പഴം ആദ്യമായി കാണുന്ന പുതു തലമുറ ഇത് ആഘോഷമാക്കി. കോമ്പയാര്‍ സെന്റ് തോമസ് സ്കൂളിലെ കുട്ടികള്‍ ആലിപ്പഴം വാരിയെടുത്ത് ആഘോഷമാക്കി.
കോമ്പയാര്‍ മേഖലയില്‍ താമസിക്കുന്നവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും ആലിപ്പഴം കൊണ്ടു നിറഞ്ഞതോടെ വീണ ആലിപ്പഴം കൗതുകംകൊണ്ടു വലിയ പാത്രങ്ങളില്‍ പെറുക്കിവച്ചവര് ഏറെയാണ്. ഏറെക്കാലം കൂടിയാണ് ഇത്രയും ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായത്.
രാജകുമാരി: ഇന്നലെ ഉച്ചയോടു കൂടി ആനയിറങ്ങൽ മേഖലയിൽ ശക്തമായ മഴയാണ് പെയ്തത്. ഒന്നരമണിക്കൂറോളം പെയ്ത മഴയിൽ ആലിപ്പഴവും വീണു. ആനയിറങ്കൽ ബോട്ട് ലാൻഡിലാണ് കൂടുതലായി ആലിപ്പഴം വീണത്.
മഴപെയ്യുന്ന സമയത്ത് നിരവധി വിനോദ സഞ്ചാരികൾ ഇവിടെ ഉണ്ടായിരുന്നു. സഞ്ചാരികൾക്ക് നവ്യമായ അനുഭവമാണ് സമ്മാനിച്ചത്. സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയോ ആലിപ്പഴമോ വീണില്ല.