പോലീസുകാരന്റെ നേതൃത്വത്തിൽ തടിയമ്പാട് ഗുണ്ടാവിളയാട്ടം
1279937
Wednesday, March 22, 2023 10:36 PM IST
ചെറുതോണി: പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തടിയമ്പാട് ടൗണിൽ പ്രവർത്തിക്കുന്ന വെൽഡിംഗ് വർക്ക്ഷോപ്പ് തല്ലിത്തകർത്തു. സംഭവത്തിൽ സ്ഥാപന ഉടമ എആർ ക്യാമ്പ് ഉദ്യോഗസ്ഥനായ സിവിൽ പോലീസ് ഓഫീസർക്കെതിരെ ഇടുക്കി പോലീസിൽ പരാതി നൽകി.
തടിയമ്പാട് ടൗണിൽ വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തുന്ന നാരകക്കാനം സ്വദേശി സുരേഷിന്റെ സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രിയിൽ എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. മറ്റൊരാളെ അന്വേഷിച്ച് സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥൻ അകാരണമായി വെൽഡിംഗ് വർക്ക്ഷോപ്പ് നടത്തുന്ന സുരേഷിനെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
വർഷോപ്പിൽ പണിക്ക് കൊണ്ടുവന്ന രണ്ടു വാഹനങ്ങൾ ഗുണ്ടാസംഘം തല്ലിത്തകർത്തു. സുരേഷ് വർക്ക്ഷോപ്പിന്റെ സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിന്റെ താക്കോലും കരസ്ഥമാക്കിയ ശേഷമാണ് അക്രമികൾ സ്ഥലം വിട്ടത്. വൈകുന്നേരം കരിമ്പനിലെ ഒരു ഓട്ടോറിക്ഷ തൊഴിലാളി ഉൾപ്പെടെയുള്ളവർ എത്തി സുരേഷിനെ വീണ്ടും ആക്രമിച്ചെന്നും പറയുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ലിജോ ജോസഫ് ചെറുകുന്നേൽ, ബാബു ദേവസ്യ, കരിമ്പൻ കാനം സ്വദേശിയായ രാജേഷ്, കണ്ടാൽ അറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരെ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.