അപകടക്കെണി കാണാഞ്ഞിട്ടല്ല; വീണിട്ടേ കാണൂ..?
1279932
Wednesday, March 22, 2023 10:36 PM IST
തൊടുപുഴ: കാഞ്ഞാർ-പുള്ളിക്കാനം-വാഗമണ്‍ ജില്ലാ മേജർ ഡിസ്ട്രിക്ട് റോഡിൽ കുന്പംകാനത്തുള്ള കൊക്ക യാത്രക്കാർക്ക് ഭീഷണിയായി മാറുന്നു. കൊക്കയുടെ സമീപത്ത് ഒരടിയോളം ഉയരത്തിൽ ഇടവിട്ട് കൽക്കെട്ട് നിർമിച്ചിട്ടുണ്ടങ്കിലും വാഹനങ്ങൾ താഴേക്ക് പതിക്കാനുള്ള സാധ്യത ഏറെയാണ്.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഇവിടെനിന്ന് മൂലമറ്റം ടൗണിന്റെയും സ്വിച്ച് യാർഡിന്റെയും ഉൾപ്പെടെയുള്ള പ്രകൃതിരമണീയമായ ദൃശ്യങ്ങൾ കാണാൻ എത്തുന്നതു പതിവാണ്. ടൂറിസ്റ്റ് സീസണിൽ നൂറുകണക്കിനു വിനോദസഞ്ചാരികളും വാഹനങ്ങളുമാണ് ഇതുവഴി കടന്നുപോകുന്നത്.
മനോഹരമായ വിദൂരദൃശ്യം കണ്‍കുളിർക്കെ കാണാൻ കഴിയുമെന്നതാണ് ഈ വ്യൂ പോയിന്റിന്റെ പ്രത്യേകത. എന്നാൽ, ഇടവിട്ട് ഇവിടെ കൽക്കെട്ട് നിർമിച്ചിരിക്കുന്നതുമൂലം ദൃശ്യം കാണാൻ നിൽക്കുന്നവർ അഗാധമായ കൊക്കയിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. നേരത്തെ ഇവിടെ യുവാവ് അപകടത്തിൽപ്പെട്ടിരുന്നു. അപകടസാധ്യത ഒഴിവാക്കാൻ ക്രാഷ് ബാരിയർ ഇവിടെ അടിയന്തരമായി നിർമിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
കുത്തിറക്കമായതിനാൽ വർഷകാലത്ത് റോഡിലൂടെ ശക്തമായ വെള്ളമൊഴുക്കുണ്ട്. ഇതിനു പുറമെ പായൽ പിടിച്ച് തെന്നലിനും സാധ്യതയുള്ള സ്ഥലമാണിത്. അപകടഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി അധികൃതർക്കും പഞ്ചായത്തിനും നിരവധിതവണ പരാതി നൽകിയെങ്കിലും അതെല്ലാം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
വാഗമണ്‍ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള സഞ്ചാരികൾ പ്രതിദിനം കടന്നുപോകുന്ന റോഡായിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയ്ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.