വാക്കുതർക്കത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1279680
Tuesday, March 21, 2023 10:41 PM IST
രാജകുമാരി: ശാന്തൻപാറ ബിഎൽ റാമിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മറയൂർ കോവിൽക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണ് മരിച്ചത്. സുഹൃത്തായ കൊല്ലം അഞ്ചൽ സ്വദേശി എആർ മൻസിൽ റിയാസ് ഇബ്രാഹിംകുട്ടിയെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യംചെയ്തുവരികയാണ്.
തടിപ്പണിക്കായി ബിഎൽ റാമിൽ എത്തിയതാണ് ഇരുവരും. 15നു വൈകുന്നേരം മദ്യപിച്ചശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇതിനിടെ, റിയാസ് ചന്ദ്രബോസിനെ പിടിച്ചു തള്ളി. മരക്കുറ്റിക്കു മുകളിലേക്കു വീണ ചന്ദ്രബോസിന്റെ വയറിനു പരിക്കേറ്റു.
രാത്രിയോടെ വയറിനു വേദന വർധിക്കുകയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.