ജനദ്രോഹ ബജറ്റിനെതിരേ കേരള കോണ്ഗ്രസ് പ്രതിഷേധം ഇന്ന്
1265119
Sunday, February 5, 2023 10:06 PM IST
കോട്ടയം: അന്യായമായ നികുതി നിര്ദേശങ്ങള് അടിച്ചേല്പ്പിച്ച് ജനജീവിതം ദുരിതപൂര്ണമാക്കിയ സംസ്ഥാന ബജറ്റിന്റെ ജനദ്രോഹ പ്രഖ്യാപനങ്ങള്ക്കെതിരേ കേരള കോണ്ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് ചെയര്മാന് പി.ജെ. ജോസഫ് എംഎല്എ അറിയിച്ചു.
എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധര്ണ നടത്തും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്ധിപ്പിച്ചും പെട്രോള് - ഡീസല് വില വര്ധിപ്പിച്ചും വൈദ്യുതി നിരക്ക് കൂട്ടിയും കേരളത്തിന്റെ ചരിത്രത്തില് ഒരിക്കലും ഉണ്ടാകാത്ത വിധത്തിലുള്ള നികുതി വര്ധനവാണ് ജനങ്ങളുടെ മേല് അടിച്ചേല്പ്പിച്ചിരിക്കുന്നത്.
ജനങ്ങളുടെ മേല് അമിതഭാരം അടിച്ചേല്പ്പിച്ച ബജറ്റ് നിര്ദ്ദേശങ്ങള് പുനഃപരിശോധിക്കാന് സര്ക്കാര് തയാറാകണം. പരിപൂര്ണമായി തകര്ന്നു നില്ക്കുന്ന കാര്ഷിക മേഖലയ്ക്ക് ആശ്വാസമേകുന്ന നടപടികള് ഉണ്ടാകുമെന്നാണ് ജനങ്ങള് പ്രതീക്ഷിച്ചത്.
എന്നാല് അതിനു പകരം കാര്ഷിക മേഖലയെ കൂടുതല് ദോഷകരമാക്കുന്ന നടപടികളാണുണ്ടായിരിക്കുന്നത്.
കാര്ഷിക മേഖലയുടെ തകര്ച്ചയ്ക്കെതിരേയും കേരള കോണ്ഗ്രസ് അതിശക്തമായ പ്രതിഷേധ പരിപാടികള്ക്ക് നേതൃത്വം നല്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.