അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം സംസ്ഥാനതല ആഘോഷം ഇന്ന്
1264538
Friday, February 3, 2023 10:58 PM IST
കട്ടപ്പന: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ സംസഥാനതല ആഘോഷം കട്ടപ്പനയിൽ ഇന്ന് നടക്കും. സാമൂഹ്യനീതി വകുപ്പും നാഷണൽ ട്രസ്റ്റിന്റെ കേരള സ്റ്റേറ്റ് നോഡൽ ഏജൻസിയും ചേർന്നൊരുക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനാചരണത്തിന് ഇടുക്കി ജില്ല ആതിഥ്യമരുളുന്നത് ഇതാദ്യമാണ്. ജില്ലയിലെ എല്ലാ സ്പെഷൽ സ്കൂളുകളിൽനിന്നുള്ള വി ദ്യാർഥികളും അവരുടെ രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിച്ചു നടത്തുന്ന ആഘോഷം രാവിലെ ഒൻപതിന് ബഡ്ഡി വാക്കോടെപഴയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിക്കും.
ബഡ്ഡി വാക്ക് മുൻമന്ത്രി എം. എം. മണി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. വാഴൂർ സോമൻ എംഎൽഎ, ജില്ലാ കളക്ടർ ഷീബാ ജോർജ്, മുനിസിപ്പൽ ചെയർ പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാൻ, വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, മുൻ ജില്ലാ പഞ്ചായത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് തുടങ്ങിയവർ ബഡ്ഡി വാക്കിൽ പങ്കെടുക്കും. ബഡ്ഡി വാക്ക് ടൗണ്‍ഹാളിൽ എത്തി നടത്തുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. സ്പെഷൽ സ്കൂൾ വിദ്യാർഥികൾ ഒരുക്കുന്ന കലാ പരിപാടികളും അരങ്ങേറും.
കട്ടപ്പന ലയൻസ് ക്ലബും ടാറ്റ ടീയുടെ ചാരിറ്റബിൾ സംഘടനയായ സൃഷ്ടിയും സഹകരിക്കുന്നുണ്ടെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. ജെ. ബിനോയി, വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണി സിഎംഐ, സ്പെഷൽ സ്കൂൾ ഫോറം ജില്ലാ കോ - ഓർഡിനേറ്റർ ഫാ. ക്ലീറ്റസ് ടോം സി എം ഐ, ചാക്കോച്ചൻ അന്പാട്ട് എന്നിവർ അറിയിച്ചു.