ബസ് കണ്ടക്ടറുടെ ദൂരൂഹ മരണം: അപകടരംഗം പുനരാവിഷ്കരിച്ചു
1264267
Thursday, February 2, 2023 10:31 PM IST
തൊടുപുഴ: സ്വകാര്യ ബസ് കണ്ടക്ടറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടു കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള ഫോറൻസിക് വിദഗ്ധൻ ഡോ.ജെയിംസ് കുട്ടിയുടെ നേതൃത്വത്തിൽ സംഭവം നടന്ന സ്ഥലത്ത് ഇന്നലെ തെളിവെടുപ്പ് നടത്തി. അപകടരംഗം പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. മലയിഞ്ചി പുതുമനയിൽ റോബിൻ ജോയി (29)യുടെ മരണത്തിൽ പോലീസ് നടത്തി വരുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു തെളിവെടുപ്പ്. അന്വേഷണ ചുമതലയുള്ള കരിമണ്ണൂർ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ദുരൂഹ മരണം
കഴിഞ്ഞ മാസം ഒന്പതിന് രാത്രിയാണ് റോബിനെ മഞ്ചിക്കല്ല് -ഇടമറുക് റോഡിൽ സ്വകാര്യ ചെരിപ്പു കന്പനിക്കു സമീപം മരിച്ചനിലയിൽ കണ്ടത്. റബർ ടാപ്പിംഗിനു പോയ തൊഴിലാളികളാണ് റോഡരികിൽ ഇയാളെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. റോബിന്റെ ബൈക്കും സമീപത്തു മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. തട്ടക്കുഴയിൽ സുഹൃത്തിന്റെ അടുത്തു പോയി തിരികെ മടങ്ങിയ റോബിനെ പിറ്റേന്നു മരിച്ചനിലയിൽ കാണുകയായിരുന്നു. തൊടുപുഴ -മലയിഞ്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു.
അപകടമെന്നു നിഗമനം
അപകടത്തിൽപ്പെട്ട ബൈക്ക് സ്ഥലത്ത് എത്തിച്ചാണ് അപകടരംഗം പുനരാവിഷ്കരിച്ചത്. റോബിന്റെ അതേ വലിപ്പവും തൂക്കവും ഉള്ള വ്യക്തിയെയും ഇതിനായി ഉപയോഗിച്ചു. മരണം അപകടം മൂലമാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷമായിരിക്കും അന്തിമ തീരുമാനത്തിൽ എത്തുക. കൂടുതൽ തെളിവുകളും സാന്പിളുകളും അന്വേഷണ സംഘം ശേഖരിച്ചു. വീഴ്ചയിൽ വാരിയെല്ല് പൊട്ടിയതും തലയ്ക്കും കരളിനും നെഞ്ചിനും ഏറ്റ ക്ഷതവും മരണ കാരണമായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.