ഹൈറേഞ്ച് പുലിമടയാകുന്നു!
1246625
Wednesday, December 7, 2022 10:56 PM IST
അടിമാലി: ആധുനിക ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത നിലയിൽ കടുവയും പുലിയും കുരങ്ങും ഉൾപ്പെടയുള്ള വന്യമൃഗങ്ങൾ നാടുനീളെ സ്വൈരവിഹാരം നടത്തുന്നു. ആനയും കാട്ടുപോത്തും കൃഷി സ്ഥലങ്ങളിലിറങ്ങി നാശം സൃഷ്ടിക്കുന്നതു കേട്ടിട്ടുള്ള നാട്ടുകാർ പുലിയും കടുവയും നാട്ടിലിറങ്ങുന്നതു കണ്ടു ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. സസ്യഭുക്കുകളായ ആനയും പോത്തും പുല്ലുതിന്നാൽ നാട്ടിലിറങ്ങുന്നതിൽ ന്യായം കണ്ടെത്താമെങ്കിൽ മാംസഭുക്കുകളായ കടുവയും പുലിയും നാട്ടിലിറങ്ങുന്നതു കാട്ടിലെ ഇവകളുടെ ഇരകൾ ഇല്ലാത്തതിനാലാകാം എന്നു നാട്ടുകാർ സംശയിച്ചാൽ അതിനുത്തരവാദികൾ വനം വന്യജീവി സംരക്ഷണത്തിന ശന്പളം വാങ്ങുന്നവർ തന്നെയാണ്. കടുവയ്ക്കും പുലിക്കും തിന്നാനുള്ള വകകളെ കാട്ടിൽനിന്നു പായിച്ചവർ പുലിയും കടുവയും നാട്ടിലിറങ്ങാൻ ഒത്താശ ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അന്നു ടിക്കറ്റെടുത്തു കണ്ടു,
ഇന്നു വീട്ടുപടിക്കൽ
മുന്പ് കടുവയെ കാണാൻ വണ്ടി വിളിച്ചു തേക്കടിയിലെത്തി ടിക്കറ്റ് എടുത്തിരുന്നവരുടെ വീട്ടുവാതുക്കൽ കടുവയും പുലിയും കണികാണാൻ പാകത്തിന് ഇപ്പോൾ എത്തിനിൽക്കുന്നു. അടിമാലി പഞ്ചായത്തിലെ ആദിവാസി കുടിയായ പെട്ടിമുടി, പ്ലാമല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം കടുവയുടെ കാൽപാടുകൾ കണ്ടതിനു പിന്നാലെ ഇന്നലെ തികച്ചും കാർഷിക മേഖലയായ വെള്ളത്തൂവൽ പഞ്ചായത്തിലെ ഓടയ്ക്കാസിറ്റി, ചെങ്കുളം, കൂന്പൻപാറ തുടങ്ങിയ മേഖലകളിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി.
കടുവയുടെ തന്നെ
കാൽപ്പാടുകൾ കടുവയുടെതാണെന്നു വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വളർത്തു നായ്ക്കളെ അടിമാലി പെട്ടിമുടി പ്രദേശങ്ങളിൽനിന്നു കാണാതായിരുന്നു. ഇവയെ കടുവയോ പുലിയോ പിടിച്ചതാകമെന്നാണ് നാട്ടുകാരുടെ നിഗമനം. ഇതു സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ വനംഅധികൃതർ നടത്തിയ പരിശോധനയിലാണ് കടുവയുടെ കാൽപാടാണെന്നു സ്ഥിരീകരിച്ചത്. 15 സെന്റിമീറ്റർ വലുപ്പമുള്ള കാൽപ്പാടാണു കണ്ടെത്തിയത്. സാമാന്യം വലുപ്പമുള്ള കടുവയുടെ കാൽപാടാണ് ഇതെന്നു വനംഅധികൃതർ പറഞ്ഞു.
കടുവ തേക്കടിയിൽ മാത്രമല്ല
ഇടുക്കി ജില്ലയിൽ പുലിയും കടുവയും ഉള്ളതു തേക്കടിക്കാട്ടിലാണെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. തേക്കടിയിൽ നിന്നു കടുവയും പുലിയും മൂന്നാർ മേഖലയിൽ എത്താനുള്ള സാധ്യതയില്ല. മലയാറ്റൂർ, ഇരവികുളം വനമേഖലകളിൽനിന്നാകും ഇവിടെ പുലിയും കടുവയും ഇറങ്ങുന്നതെന്നാണ് നാട്ടുകാരുടെ നിഗമനം. വനംവകുപ്പ് ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാൻ തയാറായിട്ടുമില്ല.
രണ്ടു മാസം മുന്പ് മാങ്കുളത്തു ഗോപാൻ എന്നയാൾ കൃഷിസ്ഥലത്ത് ആക്രമിക്കാൻ ചാടിയ പുലിയെ കത്തികൊണ്ടു വെട്ടിക്കൊന്നു. ഒരു മാസം മുന്പ് മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ പുലിയെ കെണിവച്ചു പിടിച്ചു തേക്കടിയിലെ ഉൾകാട്ടിൽ കൊണ്ടാക്കി. അത് അവിടെ തടാകത്തിൽ മുങ്ങി ചത്തു. അതോടെ നാട്ടിലെ പുലിശല്യം കഴിഞ്ഞെന്നു കരുതിയിരുന്നരുടെ മുന്നിലാണ് ഇപ്പോൾ കടുവ ഇറങ്ങിയിരിക്കുന്നത്.
കടുവയ്ക്കും പുലിക്കും മറ്റും നിശ്ചിത ആവാസ കേന്ദ്രങ്ങൾ ഉണ്ടെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. ആവാസ മേഖല വിട്ട് ഇവ പുറത്തിറങ്ങുന്നത് എന്തുകൊണ്ടാണെന്നു വനംവകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എണ്ണം കൂടിയതിനാൽ ബലം കുഞ്ഞവർ പുറത്താക്കപ്പെടുന്നതാണ് ഒരു കാരണമെന്നു കരുതുന്നു. മാങ്കുളത്തു വെട്ടേറ്റു ചത്ത പുലിക്കു പല്ലില്ലായിരുന്നു. നയമക്കാട്ട് കെണിയിൽപെട്ട പുലിക്കു കണ്ണിൽ തിമിരമായിരുന്നു. ഇവയ്ക്കു ഇരപിടിക്കാൻ ശേഷിയില്ലാത്തതിനാൽ നാട്ടിലിറങ്ങുന്നതാണെന്ന വാദവുമുണ്ട്. ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്ന കടുവകളുടെ ആരോഗ്യാവസ്ഥ സ്ഥിരീകരിച്ചിട്ടില്ല.
കാട്ടിലും കോണ്ക്രീറ്റ്
സൗധങ്ങൾ
കാട്ടിൽ പലേടത്തും സിമന്റ് കാടുകൾ നിർമിച്ചു കാട്ടുമൃഗങ്ങളെ നാട്ടിലിറക്കുന്നതാണെന്നും ആരോപണമുണ്ട്. കാടിനുള്ളിൽ നക്ഷത്ര കൊട്ടാരങ്ങൾ ഉണ്ടാക്കി ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തു പണം സന്പാദിക്കുകയാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ഇതോടെയാണ് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നും ഇവർ പറയുന്നു.
അതേസമയം, കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് അടിയന്തരമായി നിരീക്ഷണ കാമറ സ്ഥാപിക്കാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും നടപടി സ്വീകരിക്കുമെന്ന് അടിമാലി റേഞ്ച് ഓഫീസർ ജോജി ജയിംസ് പറഞ്ഞു.