സ്കൂട്ടർ കൊക്കയിലേക്കു മറിഞ്ഞ് രണ്ട് യുവാക്കൾക്കു പരിക്ക്
1246289
Tuesday, December 6, 2022 10:23 PM IST
കട്ടപ്പന: കട്ടപ്പന പള്ളിക്കവല-സ്കൂൾക്കവല റോഡിലെ പമ്പുഹൗസിനു സമീപം സ്കൂട്ടർ കൊക്കയിലേക്കു മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
പള്ളിക്കവല ഭാഗത്തുനിന്ന് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ റോഡിൽനിന്ന് എട്ട് അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. പാറക്കല്ലുകൾക്കു മുകളിലേക്കാണ് വാഹനം മറിഞ്ഞതെങ്കിലും കാര്യമായ പരിക്കേൽക്കാതെ യുവാക്കൾ രക്ഷപ്പെട്ടു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
120 ലക്ഷം രൂപ മുടക്കി ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിംഗ് നടത്തിയ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. കാട് വളർന്നുനിൽക്കുന്നതിനാൽ ഇവിടത്തെ അപകടാവസ്ഥ ഡ്രൈവർമാർക്ക് തിരിച്ചറിയാൻ കഴിയില്ല.